എല്ലാ മേഖലകളിലും വളര്‍ച്ച ലക്ഷ്യമിട്ട് യു.എ.ഇ-ക്ക് 'ചൈന വിഷന്‍ 2030'

by International | 30-07-2019 | 351 views

അബുദാബി: അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഉപ സര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ ചൈനാ സന്ദര്‍ശനത്തിന്‍റെ തുടര്‍ച്ചയായി യു.എ.ഇ ചൈന വിഷന്‍ 2030-ന് രൂപം നല്‍കി.

യു.എ.ഇ-യുടെ ഏറ്റവും വലിയ രണ്ടാമത്തെ വാണിജ്യ പങ്കാളി രാഷ്ട്രമായ ചൈനയുമായി വരും വര്‍ഷങ്ങളില്‍ ക്രിയാത്മകവും പ്രായോഗികവുമായ വന്‍ പദ്ധതികളാണ് അണിയറയിലുള്ളതെന്ന് ചൈനയിലെ യു.എ.ഇ സ്ഥാനപതി ഡോ. അലി ഒബൈദ് അല്‍ ദാഹിരി പറഞ്ഞു. 2030-ഓടെ യു.എ.ഇ-യും ചൈനയും തമ്മിലുള്ള വാണിജ്യ ഇടപാടുകള്‍ 200 ബില്യണ്‍ യു.എസ് ഡോളറിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ഇപ്പോള്‍ പ്രതിവര്‍ഷം 60 ബില്യണ്‍ യു.എസ് ഡോളറിന്‍റെ ഇടപാടുകളാണ് യു.എ.ഇ-യും ചൈനയും തമ്മിലുള്ളത്. പത്ത് വര്‍ഷത്തില്‍ ഇതിന്‍റെ മൂന്ന് മടങ്ങിലധികം ഇടപാടുകള്‍ക്ക് കരുത്ത് പകരുംവിധത്തിലുള്ള ഉടമ്പടികളാണ് ചൈന പ്രസിഡന്‍റ് ഷി. ജിന്‍പിങ്ങിന്‍റെയും ഷെയ്ഖ് മുഹമ്മദിന്‍റെയും സാന്നിധ്യത്തില്‍ യു.എ.ഇ ചൈനീസ് പ്രതിനിധി സംഘം ഒപ്പുവെച്ചത്. ഏറെ പ്രതീക്ഷയുള്ള ഉഭയകക്ഷി ബന്ധം സുശക്തമാക്കുന്ന പദ്ധതികളാണ് വരും നാളുകളിലേക്കായി ആവിഷ്കരിച്ചിട്ടുള്ളത്.

ധനകാര്യം, വാണിജ്യ വ്യവസായം, നിക്ഷേപം, സാങ്കേതികത, നിര്‍മിത ബുദ്ധി, സാംസ്കാരികം, വിദ്യാഭ്യാസം എന്നീ മേഖലകളിലും പരിസ്ഥിതി, ഭക്ഷ്യ സുരക്ഷയുറപ്പാക്കല്‍ തുടങ്ങിയവയിലുമടക്കം 16-ഓളം ഉടമ്പടികളില്‍ ഒപ്പുവെച്ചു. ചൈനീസ് പ്രസിഡന്‍റിന്‍റെ കഴിഞ്ഞ വര്‍ഷത്തെ യു.എ.ഇ സന്ദര്‍ശന വേളയില്‍ 14 ഉടമ്പടികളും ഒപ്പുവെച്ചിരുന്നു. ഇതിനുപുറമെ രാഷ്ട്രവികസനം, വളര്‍ച്ച, അഭിവൃദ്ധി, സുസ്ഥിരത എന്നിവയുറപ്പാക്കുന്ന ഉടമ്പടികളില്‍ ഷെയ്ഖ് മുഹമ്മദും ഷി. ജിന്‍പിങും നേരിട്ടും ഒപ്പുവെച്ചിരുന്നു. യു.എ.ഇ- ചൈന ബിസിനസ് മേഖലകളിലെ യോജിച്ച പ്രവര്‍ത്തനത്തിന് 19 ഉടമ്പടികള്‍ ഒപ്പുവെയ്ക്കപ്പെട്ടിരുന്നു.

അടുത്ത നൂറ് വര്‍ഷത്തേക്ക് യു.എ.ഇ ചൈന ബന്ധത്തിന്‍റെ സുസ്ഥിരതയുറപ്പാക്കാനുള്ള കരുത്തുള്ള തൂണുകളാണ് ഈ യാത്രയോടെ സ്ഥാപിക്കുന്നതെന്നാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ചൈനീസ് സന്ദര്‍ശനത്തെക്കുറിച്ച്‌ വ്യക്തമാക്കിയത്. ഇതിന്‍റെ ആദ്യ ചുവടുവെപ്പെന്ന രീതിയിലാണ് യു.എ.ഇ-യിലെ ഇരുനൂറോളം സ്കൂളുകളില്‍ ചൈനീസ് ഭാഷ പഠിപ്പിക്കാനുള്ള തീരുമാനമായത്. യു.എ.ഇ- ചൈന ബന്ധം അന്താരാഷ്ട്ര സുരക്ഷയ്ക്കും മേഖലയില്‍ സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനും ഏറെ പ്രധാനപ്പെട്ടതാണെന്നും സ്ഥാനപതി ദാഹിരി വിവരിച്ചു.

Lets socialize : Share via Whatsapp