യുഎഇ - യില്‍ മീന്‍ കഴിക്കാന്‍ ഇത്തിരി ചിലവാകും...

by General | 27-07-2019 | 646 views

റാസല്‍ഖൈമ: താപനില ഉയരുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാന്‍ കഴിയാത്തതിനാല്‍ മത്സ്യലഭ്യത കുറഞ്ഞു. വിപണിയില്‍ മത്സ്യവില ഉയരാനും ഇത് കാരണമാവുകയാണ്.

താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ എമിറേറ്റിലെ മിക്ക മത്സ്യത്തൊഴിലാളികളും മത്സ്യബന്ധനത്തിന് പോകുന്നില്ലെന്ന് റാസല്‍ഖൈമ ഫിഷ് സൊസൈറ്റി ഡെപ്യൂട്ടി ചെയര്‍മാന്‍ ഹുമൈദ് അല്‍ സാബി പറഞ്ഞു. റാസല്‍ഖൈമ, മാരീദ് എന്നിവിടങ്ങളിലെ മത്സ്യച്ചന്തകളില്‍ മത്സ്യത്തിന്‍റെ അളവ് ഗണ്യമായി കുറയാന്‍ ഇത് കാരണമായിട്ടുണ്ട്. മത്സ്യത്തൊഴിലാളികളില്‍ വലിയൊരു വിഭാഗം ഒക്ടോബര്‍ 15 വരെ മത്സ്യബന്ധന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഭാഗമായി പരിസ്ഥിതി മന്ത്രാലയം അനുവദിക്കുന്ന മത്സ്യങ്ങളെ പിടിക്കാന്‍ മാത്രമാണ് ഇപ്പോള്‍ അനുവാദമുള്ളത്. മലയാളികളടക്കമുള്ള മത്സ്യബന്ധന തൊഴിലാളികളില്‍ ഭൂരിഭാഗവും അവധിയെടുത്ത് നാട്ടിലേക്ക് പോയിരിക്കുകയാണ്.

Lets socialize : Share via Whatsapp