.jpg)
ജിദ്ദ: ഹജ്ജ് സീസണായതോടെ മക്കയ്ക്കും മദീനയ്ക്കുമിടയില്‍ ട്രെയിന്‍ സര്‍വീസുകളുടെ എണ്ണം കൂട്ടുന്നു. ഹജ്ജ് യാത്രക്കാരുടെ യാത്ര എളുപ്പമാക്കാനാണിത്. ആഴ്ചയില്‍ 64 സര്‍വീസുകളാണ് മക്കയ്ക്കും മദീനയ്ക്കുമിടയില്‍ നേരത്തേ ഷെഡ്യൂള്‍ ചെയ്തതെന്ന് അല്‍-ഹറമൈന്‍ ട്രെയിന്‍ ഓഫിസ് വ്യക്തമാക്കി. കൂടുതല്‍ ട്രെയിനുകള്‍ ഏര്‍പ്പെടുത്തി ആഴ്ചയില്‍ സര്‍വീസുകളുടെ എണ്ണം 80 ആക്കി വര്‍ധിപ്പിക്കും.
ലോകത്തെ 10 അതിവേഗ ട്രെയിന്‍ പദ്ധതികളിലൊന്നാണ് അല്‍-ഹറമൈന്‍ റെയില്‍വേ പദ്ധതി. പുണ്യസ്ഥലങ്ങള്‍ക്കിടയില്‍ സന്ദര്‍ശകരുടെയും തീര്‍ഥാടകരുടെയും യാത്രയ്ക്ക് സൗദി ഭരണകൂടം ഏറ്റവും സുരക്ഷിതവും അന്താരാഷ്ട്ര നിലവാരത്തോടു കൂടി നടപ്പാക്കിയ പദ്ധതിയാണിത്. ഉയര്‍ന്ന പ്രവര്‍ത്തന ക്ഷമതയുള്ള, സ്പീഡ് കൂടിയ ട്രെയിനുകളാണ് ഒരുക്കിയിരിക്കുന്നതെന്നും അല്‍ഹറമൈന്‍ ഓഫിസ് പറഞ്ഞു.
35 ട്രെയിനുകളാണ് പദ്ധതിക്ക് കീഴിലുള്ളത്. 13 ബോഗികളോട് കൂടി ഒരോ ട്രെയിനിലും 417 സീറ്റുകളുണ്ട്. മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗത്തില്‍ ഓടാന്‍ കഴിയുന്നതാണ്. നിലവില്‍ മക്കയ്ക്കും മദീനയ്ക്കുമിടയില്‍ യാത്രാസമയം ഏകദേശം രണ്ടു മണിക്കൂറും 15 മിനിറ്റുമാണെന്നും അധികൃതര്‍ പറഞ്ഞു.