.jpg)
ദോഹ: ഖത്തറില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്കായുള്ള തടസ്സങ്ങള്‍ നീക്കം ചെയ്യുന്നതിന് അയല്‍രാജ്യത്തിനു മേല്‍ സമ്മര്‍ദം ചെലുത്തണമെന്ന് പ്രമുഖര്‍. ദോഹ ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ ഇന്റര്‍ഫെയ്ത്ത് ഡയലോഗ് (ഡി.ഐ.സി.ഐ.ഡി) അടുത്തിടെ സംഘടിപ്പിച്ച വട്ടമേശ സമ്മേളനത്തില്‍ പങ്കെടുത്ത പ്രമുഖരാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. വിവിധ മതങ്ങളെയും സര്‍ക്കാര്‍ സ്ഥാപനങ്ങളെയും അവകാശ സംഘടനകളെയും പ്രതിനിധാനം ചെയ്യുന്നവര്‍ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. 'ഉപരോധ പ്രതിസന്ധി: പ്രത്യാഘാതങ്ങള്‍ ഹജ്ജില്‍ നിന്നും ഉംറയില്‍ നിന്നും ഖത്തറിലെ പൗരന്മാരെയും പ്രവാസികളെയും തടയല്‍' എന്ന പ്രമേയത്തിലായിരുന്നു പാനല്‍ ചര്‍ച്ച. സൗദി അധികൃതര്‍ ഹജ്ജിനെ രാഷ്ട്രീയവത്കരിക്കുകയാണ്. ഖത്തരികള്‍ക്കും പ്രവാസികള്‍ക്കും ഹജ്ജ് നിര്‍വഹിക്കുന്നതിന് സ്വതന്ത്രമായി യാത്ര ചെയ്യുന്നതിനായി വ്യോമമേഖലയും കര അതിര്‍ത്തിയും തുറക്കണം. ഇതിന് അധികാരികള്‍ക്കുമേല്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്താന്‍ രാജ്യാന്തര സമൂഹത്തോട് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.
പാനല്‍ ചര്‍ച്ചയില്‍ ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയം, ഖത്തര്‍ ദേശീയ മനുഷ്യാവകാശ കമ്മിറ്റി (എന്‍.എച്ച്.ആര്.സി), ഖത്തര്‍ ഹജ്ജ് കമ്മിറ്റി, വിദേശകാര്യ മന്ത്രാലയം എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുത്തു. രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി അയല്‍രാജ്യത്തെ അധികൃതര്‍ മതത്തെ രാഷ്ട്രീയവത്കരിക്കുന്നു. ഖത്തരി പൗരന്മാരെയും താമസക്കാരെയും ഹജ്ജ്-ഉംറ നിര്‍വഹിക്കുന്നതില്‍ നിന്ന് തടയുന്നത് തുടരുകയാണെന്നാണ് അവരുടെ നടപടികളില്‍ നിന്ന് വ്യക്തമാകുന്നത്. പുണ്യകര്‍മത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അന്താരാഷ്ട്ര സമൂഹത്തെ ഓര്‍മപ്പെടുത്തുകയാണെന്ന് പ്രമുഖര്‍ പറഞ്ഞു.