എയര്‍ ഇന്ത്യാ എക്‌സപ്രസ് വിമാനം വൈകുന്നത് പതിവാകുന്നതോടെ പെരുവഴിയിലാകുന്നത് പ്രവാസികള്‍

by Travel | 20-07-2019 | 199 views

അബുദാബി: എയര്‍ ഇന്ത്യാ എക്സ്‌പ്രസ് വിമാനം വൈകുന്നത് മൂലം പ്രവാസികള്‍ വലയുന്നത് തുടര്‍ക്കഥയാകുന്നു. ഇന്നലെയും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 173 യാത്രക്കാര്‍ അബുദാബി വിമാനത്താവളത്തില്‍ ദുരിതത്തിലായി. ഇന്നലെ രാത്രി 9.10-ന് അബുദാബിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് തിരിക്കേണ്ടിയിരുന്ന ഐഎക്‌സ് 538 വിമാനമാണ് അനിശ്ചിതമായി വൈകിയത്.

വേനല്‍ അവധിക്കാലമായതിനാല്‍ വന്‍ തുക ടിക്കറ്റിന് നല്‍കി മാസങ്ങള്‍ക്ക് മുന്‍പ് ബുക്ക് ചെയ്തവരുടെ യാത്രയാണ് പാതിവഴിയിലായത്. രോഗികളും സന്ദര്‍ശക വിസാ കാലാവധി കഴിഞ്ഞവരും അടിയന്തരമായി നാട്ടിലെത്തേണ്ടവരും വിമാനത്താവളത്തില്‍ കുടുങ്ങി. യാത്രക്കാര്‍ക്ക് ബോഡിങ് പാസ് നല്‍കിയ ശേഷം കാത്തിരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

തിരുവനന്തപുരത്തു നിന്ന് വിമാനം എത്താത്തതു കൊണ്ടാണ് വൈകുന്നതെന്നാണ് അധികൃതര്‍ നല്‍കിയ വിശദീകരണം. ഇതേസമയം പ്രാദേശിക സമയം വൈകിട്ട് 5.20-ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യാ എക്സ്‌പ്രസ് ഐഎക്‌സ് 537 വിമാനം വൈകിട്ട് 7.30-ലേക്ക് മാറ്റിയതായി എയര്‍ലൈന്‍ ആദ്യം യാത്രക്കാരെ അറിയിച്ചിരുന്നു. അതനുസരിച്ച്‌ വിമാനത്തവളത്തില്‍ എത്തി ചെക്ക് ഇന്‍ ചെയ്തതിനു ശേഷമാണ് വിമാനം രാത്രി 12.50-നേ പോകൂവെന്ന് അറിയിക്കുകയായിരുന്നു.

ഈ മാസം മൂന്നാം തീയതിയും ഇതേ വിമാനം മുന്നറിയിപ്പില്ലാതെ വൈകിയത് യാത്രക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇരുനൂറോളം യാത്രക്കാര്‍ ആണ് അന്ന് അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ കുടുങ്ങിയത്. വിമാനത്തിന് സാങ്കേതിക തകരാറാണെന്നും പരിഹരിച്ച ശേഷം മാത്രമേ പുറപ്പെടുകയുള്ളൂ എന്നും യാത്രക്കാര്‍ക്ക് ബോര്‍ഡിങ് പാസ് വിതരണം ചെയ്ത ശേഷമാണ് അധികൃതര്‍ അറിയിച്ചത്.

എന്നാല്‍ രാത്രി ഏറെ വൈകിയിട്ടും പ്രശ്നപരിഹാരമുണ്ടാകാത്തതിനെ തുടര്‍ന്ന് യാത്രക്കാര്‍ ബഹളം വച്ചപ്പോള്‍ പുലര്‍ച്ചെ 2.30-ന് ഹോട്ടലില്‍ താമസ സൗകര്യമൊരുക്കുകയും ഭക്ഷണം നല്‍കുകയും ചെയ്യുകയായിരുന്നു. വിമാനം എപ്പോള്‍ പുറപ്പെടുമെന്ന് കൃത്യമായ ഉത്തരം നല്‍കാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യാ അധികൃതരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ചെയ്തിരുന്നു.

Lets socialize : Share via Whatsapp