ദുബായില്‍ ട്രാഫിക് പിഴയെക്കുറിച്ചറിയാന്‍ ഇനി വാട്‌സാപ്പ്

by Dubai | 20-07-2019 | 215 views

ദുബായ്: ദുബായില്‍ വാഹനമോടിക്കുന്നവര്‍ക്ക് ആശ്വാസവാര്‍ത്ത. ഇനി മുതല്‍ ട്രാഫിക് പിഴയുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ വാട്‌സാപ്പ് നമ്പനേരിട്ട് ചോദിച്ചറിയാം. 058-8009090 എന്ന വാട്‌സാപ്പ് നമ്പറിലേക്ക് ട്രാഫിക്ക് പിഴയുമായി ബന്ധപ്പെട്ട വിവരങ്ങളറിയാന്‍ സന്ദേശമയച്ചാല്‍ ഉടനടി മറുപടി ലഭിക്കും. കാര്‍ രജിസ്‌ട്രേഷന്‍ നമ്പര്‍, ഡ്രൈവിങ്‌ ലൈസന്‍സ് നമ്പര്‍ അല്ലെങ്കില്‍ ട്രാഫിക് ഫയല്‍ നമ്പര്‍ എന്നിവയിലേതെങ്കിലും രേഖപ്പെടുത്തിയാല്‍ പിഴയെക്കുറിച്ചും എവിടെ പിഴയടയ്ക്കണം, എങ്ങിനെ അടയ്ക്കണം തുടങ്ങി എല്ലാ വിശദാംശങ്ങളും ഉപഭോക്താവിനെ അറിയിക്കും. എല്ലാ ദിവസവും 24 മണിക്കൂറും വാട്‌സാപ്പില്‍ സേവനം ലഭ്യമാണ്.

ആര്‍.ടി.എ. അവരുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പൊതുഗതാഗത രംഗത്ത് മികച്ച സേവനം ലക്ഷ്യമാക്കി ഒട്ടേറെ പദ്ധതികളാണ് ആര്‍.ടി.എ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. സ്മാര്‍ട്ട് ആപ്ലിക്കേഷനായ ദുബായ് ഡ്രൈവ് ആപ്പില്‍ കഴിഞ്ഞ ദിവസം പുതിയ സേവനങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. ഡ്രൈവിങ് പരിശീലന കാലയളവിലെ പരാതികള്‍ രേഖപ്പെടുത്താനും ഡ്രൈവിങ് ടെസ്റ്റുകള്‍ ബുക്ക് ചെയ്യാനും ഇനിമുതല്‍ ആര്‍.ടി.എ-യുടെ പരിഷ്കരിച്ച ഡ്രൈവ് ആപ്പിലൂടെ സാധിക്കും. ഉപയോക്താക്കളുടെ സംതൃപ്തി ലക്ഷ്യംവെച്ച്‌ 2017-ലാണ് ആര്‍.ടി.എ-യുടെ പുതിയ സ്മാര്‍ട്ട് ആപ്ലിക്കേഷനായി ദുബായ് ഡ്രൈവ് ആപ്പ് പുറത്തിറങ്ങുന്നത്. ആര്‍.ടി.എ-യുടെ ഉപഭോക്തൃ സേവന കേന്ദ്രങ്ങളിലെ ജീവനക്കാരോട് സംശയങ്ങള്‍ ചോദിക്കാനുള്ള ചാറ്റ് സംവിധാനവും ലഭ്യമാണ്.

Lets socialize : Share via Whatsapp