വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമായി ഗള്‍ഫ് രാജ്യങ്ങളിലേക്ക് കടക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു

by International | 20-07-2019 | 125 views

കുവൈറ്റ് സിറ്റി: വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമായി ഗള്‍ഫിലേക്ക് കടക്കുന്ന വിദേശികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. വ്യാജ പാസ്‌പോര്‍ട്ടുമായി കുവൈറ്റിലേക്ക് കടക്കാന്‍ ശ്രമിച്ച 6 ശ്രീലങ്കന്‍ പൗരന്മാരാണ് കഴിഞ്ഞ ദിവസം പിടിയിലായത്. ഇവരെ ചോദ്യം ചെയ്യുന്നതിനിടയിലാണ് വ്യാജ പാസ്‌പോര്‍ട്ടുകളെക്കുറിച്ച്‌ വിവരം ലഭിച്ചത്. വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ടില്‍ വ്യാജ വിസ പതിപ്പിച്ചാണ് ഇവര്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കടക്കുന്നത് ചോദ്യം ചെയ്യലില്‍ ഇവര്‍ സമ്മതിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

കുവൈറ്റില്‍ നിന്നും നാടുകടത്തപ്പെട്ട ഇന്‍റര്‍പോള്‍ തിരയുന്ന പിടികിട്ടാപ്പുള്ളിയായ ബംഗ്ലാദേശ് സ്വദേശി, കഴിഞ്ഞ ദിവസം വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച്‌ വീണ്ടും കുവൈറ്റിലെക്ക് കടക്കുവാന്‍ ശ്രമിക്കുന്നതിനിടെ പിടിക്കപ്പെട്ടിരുന്നു. ധാക്കയില്‍ നിന്നും എത്തിയ ഇയാളെ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ പരിശോധനയിലാണ് പിടിയിലായത്.

വിദേശ പൗരന്മാര്‍ക്ക് വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍ നിര്‍മ്മിച്ചുനല്‍കുന്ന മാഫിയ പ്രവര്‍ത്തിക്കുന്നതായാണ് സൂചന. ഇവര്‍ക്ക് വ്യാജ വിസ തരപ്പെടുത്തി കൊടുക്കുന്ന റാക്കറ്റുകളും ഇന്ത്യയില്‍ സജീവമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് നിര്‍മ്മാണത്തെക്കുറിച്ച്‌ വിപുലമായ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Lets socialize : Share via Whatsapp