'മക്ക റൂട്ട്' പദ്ധതി തീര്‍ഥാടകരുടെ പ്രശംസ പിടിച്ചുപറ്റിയെന്ന് ഹജ്ജ് മന്ത്രി

by International | 17-07-2019 | 524 views

മദീന: മക്ക റൂട്ട് പദ്ധതി നൂറു ശതമാനവും വിജയമാണെന്നാണ് പദ്ധതിയുടെ ഗുണഭോക്താക്കളായ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ അഭിപ്രായമെന്ന് ഹജ്ജ് ഉംറ വിഭാഗം മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബെന്‍തിന്‍ വ്യക്തമാക്കി.

ഹാജിമാര്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ഈ പദ്ധതിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ പദ്ധതി ഹാജിമാരുടെയും അവരുടെ രാജ്യങ്ങളിലുള്ള നയതന്ത്ര പ്രതിനിധികളുടെയും ജീവിതത്തെ സ്പര്‍ശിച്ചു വെന്ന് ഞങ്ങള്‍ മനസ്സിലാക്കി. സൗദി അറേബ്യ അതിവേഗത്തില്‍ നടപ്പാക്കിയ ഈ പദ്ധതി കൊണ്ട് ഒരുപാട് സമയലാഭമുണ്ടായെന്നും ആഭ്യന്തര യാത്രകള്‍ നടത്തുന്ന പോലെയുള്ള അനുഭവമാണ് തങ്ങള്‍ക്ക് ഉണ്ടായതെന്ന് ഹാജിമാരില്‍ നിന്നും കേള്‍ക്കുവാന്‍ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിശുദ്ധ മദീനയിലെ അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്രാ വിമാനത്താവളത്തിലെ ഹാജിമാരെ സ്വീകരിക്കുന്നതിനായി നവീകരിച്ച സംവിധാനങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു ഹജ്ജ് ഉംറ വിഭാഗം മന്ത്രി ഡോ.മുഹമ്മദ് സ്വാലിഹ് ബെന്‍തിന്‍.

ഓരോ ഹാജിയും രാജ്യത്ത് വന്നിറങ്ങുന്നതിനു 48 മണിക്കൂര്‍ മുമ്പായി ആ ഹാജിയുടെ മുഴുവന്‍ വിവരങ്ങളും ഇവിടെ ലഭിക്കുമെന്നും, താമസ യാത്ര ഷെഡ്യുളുകളടക്കം ഹാജിയുടെ എല്ലാ കാര്യങ്ങളും അതാത് സമയങ്ങളില്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനു പുറമെ ഹജ്ജുമായി ബന്ധപ്പെട്ട ഇലക്‌ട്രോണിക് ചാനലിലൂടെ ഓരോ ഹാജിയുടെയും ഹജ്ജ് കര്‍മ്മങ്ങളുടെ സമയക്രമവും ത്വവാഫ് നിര്‍വ്വഹിക്കുവാന്‍ പോകുന്നതും, കല്ലേറ് കര്‍മ്മം നിര്‍വ്വഹിക്കുവാന്‍ പോകുന്നതും കൃത്യമായി ഷെഡ്യുള്‍ ചെയ്തിട്ടുണ്ടെന്നും ഹജ്ജ് ഉംറ വിഭാഗം മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബെന്‍തിന്‍ വ്യക്തമാക്കി.

Lets socialize : Share via Whatsapp