സ്‌കൂള്‍ ബസില്‍ കുട്ടികള്‍ തനിച്ചാവരുത്; മുന്നറിയിപ്പുമായി അബുദാബി ഗതാഗത വകുപ്പ്

by Abudhabi | 17-07-2019 | 467 views

അബുദാബി: സ്‌കൂള്‍ ബസില്‍ കുട്ടികള്‍ തനിച്ചായിപ്പോകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഡ്രൈവര്‍മാര്‍ക്ക് സമഗ്ര ഗതാഗത കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഓരോ തവണയും സ്‌കൂളില്‍ കുട്ടികളുമായി എത്തുമ്പോഴും തിരിച്ച്‌ വീടുകളില്‍ വിട്ടതിനുശേഷവും വാഹനങ്ങളില്‍ കുട്ടികള്‍ പെട്ടു പോയിട്ടില്ലെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം ഡ്രൈവര്‍മാര്‍ക്കുണ്ട്. സ്‌കൂള്‍കുട്ടികളുടെ സുരക്ഷയുറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് അബുദാബി സമഗ്ര ഗതാഗതകേന്ദ്രം ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ചൂട് കൂടുന്നതിനാല്‍ വലിയ അപകടങ്ങള്‍ ചെറിയ സമയം കൊണ്ട് സംഭവിച്ചേക്കും എന്നതിനാലാണ് വാഹന പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ മാസം വാഹനത്തില്‍ ഒറ്റപ്പെട്ടുപോയ കുട്ടി ശ്വാസംമുട്ടി മരിച്ച സംഭവത്തിന്‍റെയെല്ലാം പശ്ചാത്തലത്തില്‍ക്കൂടിയാണ് നിര്‍ദേശം.

ഓരോ വാഹനത്തിലും പ്രഥമ ശുശ്രൂഷാ കിറ്റുകള്‍ നിര്‍ബന്ധമാണ്. വാഹനം ഒരിക്കലും അതിവേഗമെടുക്കരുത്. ബസുകള്‍ക്ക് അനുവദിച്ച ട്രാക്കുകളില്‍ക്കൂടി മാത്രമേ ഓടിക്കാന്‍ പാടുള്ളു. കുട്ടികളെല്ലാവരും സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം ഡ്രൈവര്‍ക്കും സൂപ്പര്‍വൈസര്‍ക്കുമുണ്ട്. കുട്ടികളെ ഇറക്കുമ്പോഴും കയറ്റുമ്പോഴും വാഹനത്തിന്‍റെ സ്റ്റോപ്പ് ബോര്‍ഡ് പ്രവര്‍ത്തിപ്പിക്കണം. 11-ല്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് റോഡ് മുറിച്ചുകടക്കാനും രക്ഷിതാക്കളുടെ അടുത്തെത്താനുമുള്ള സഹായം സൂപ്പര്‍വൈസറോ സഹായിയോ ലഭ്യമാക്കണം. ഗുരുതരമായ സുരക്ഷാവീഴ്ചകള്‍ നിയമ നടപടികളിലേക്കും ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതിലേക്കും നയിക്കുമെന്നും കേന്ദ്രം അറിയിച്ചു.

സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കായി അബുദാബിയില്‍ സംഘടിപ്പിച്ച ശില്പശാലയിലാണ് ഗതാഗതകേന്ദ്രം ഇക്കാര്യങ്ങള്‍ വിശദമാക്കിയത്.

Lets socialize : Share via Whatsapp