നിര്‍മ്മാണ മേഖലയിലെ കുടിയേറ്റ തൊഴിലാളികള്‍ക്ക് ബോധവത്കരണവുമായി ദുബെെ

by General | 17-07-2019 | 611 views

ദുബൈ: നിര്‍മാണ മേഖലയിലെ കുടിയേറ്റ തൊഴിലാളികളെ ബോധവത്കരിക്കാന്‍ വിവിധ പദ്ധതികളുമായി ദുബൈയിലെ സ്ഥിരം തൊഴിലാളി സമിതി രംഗത്ത്. അവകാശങ്ങളും കടമകളും ബോധ്യപ്പെടുത്തുന്നതിലൂടെ മാത്രമേ മികച്ച തൊഴിലുടമ, തൊഴിലാളി ബന്ധം രൂപപ്പെടുകയുള്ളൂവെന്ന് തൊഴിലാളി സമിതി വ്യക്തമാക്കി. ആരോഗ്യകരമായ തൊഴില്‍ സാഹചര്യം ഒരുക്കാനുള്ള യു.എ.ഇ സര്‍ക്കാറിന്‍റെ നിര്‍ദേശത്തിന്‍റെ വെളിച്ചത്തിലാണ് ബോധവത്കരണം.

മനുഷ്യാവകാശം ഉയര്‍ത്തി പിടിച്ചുള്ള തൊഴില്‍ സംവിധാനമാണ് യുഎ.ഇ ലക്ഷ്യമിടുന്നതെന്ന് ദുബൈ സ്ഥിരം ലേബര്‍ സമിതിയുടെ സാരഥി മേജര്‍ ജനറല്‍ ഉബൈദ്ബിന്‍ സുറൂര്‍ വ്യക്തമാക്കി. നിര്‍മാണ മേഖലയിലെ സാധാരണ തൊഴിലാളികളുടെ ബോധവത്കരണം ലക്ഷ്യമിട്ട് ദുബൈയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴിലിടങ്ങളിലെയും ലേബര്‍ ക്യാംപുകളിലെയും സൂപ്പര്‍വൈസര്‍മാരെ ഉള്‍പ്പെടുത്തിയുള്ള ബോധവത്കരണ പരിപാടിക്ക് ഉടന്‍ തുടക്കം കുറിക്കും. യോഗ്യതയുള്ള പരിശീലകരെ നിയോഗിച്ചായിരിക്കും ബോധവത്കരണം. ഇംഗ്ളീഷ്, അറബിക്, ഉറുദു, ഹിന്ദി എന്നീ ഭാഷകളിലാണ് ബോധവത്കരണ പരിപാടികള്‍ നടക്കുന്നത്.

ഈ വര്‍ഷം മാത്രം ആറായിരത്തിലേറെ നിര്‍മാണ തൊഴിലാളികള്‍ക്കാണ് ബോധവത്കരണം നടത്തിയത്. അവകാശ സംരക്ഷണം, യുഎഇ നിയമങ്ങള്‍, സംസ്കാരം, തൊഴിലിടങ്ങളിലെ ആരോഗ്യ-സുരക്ഷാ അവബോധം എന്നീ കാര്യങ്ങളിലാണ് ബോധവത്കരണം.

നിലവിലെ അവസ്ഥകള്‍ മനസിലാക്കാന്‍ പ്രത്യേക സര്‍വേയും സമിതി നടത്തുന്നുണ്ട്. രാജ്യത്തെ തൊഴിലാളികളുടെ താമസ സ്ഥലം, അവരുമായി ബന്ധപ്പെട്ട വകുപ്പുകള്‍, ആരോഗ്യ, സുരക്ഷാ നടപടികള്‍, യുഎഇ-യിലെ പെരുമാറ്റങ്ങളെകുറിച്ചുള്ള ജ്ഞാനം എന്നിവ സംബന്ധിച്ചാണ് സര്‍വേയിലെ പ്രധാന ചോദ്യങ്ങള്‍.

Lets socialize : Share via Whatsapp