പ്രവാസികള്‍ക്കും ഇന്നു മുതല്‍ രാമായണ സന്ധ്യകള്‍

by General | 17-07-2019 | 390 views

റാസല്‍ഖൈമ: മലയാളിയുടെ മനസ്സില്‍ തിരിമുറിയാതെ മഴ പെയ്യുന്ന കള്ളക്കര്‍ക്കടകം രാമായണ മാസമായി മാറുകയാണ്. മലയാളിയുള്ളിടത്തെല്ലാം ഇപ്പോള്‍ കര്‍ക്കടകം രാമായണ മാസമാണ്. യു.എ.ഇ-യിലെ പ്രവാസി മലയാളികള്‍ക്കിടയിലും രാമായണ പാരായണത്തിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു.

ചൂടും ഈര്‍പ്പവും നിറഞ്ഞ പകലുകള്‍ക്കൊടുവില്‍ അധ്യാത്മരാമായണ ശീലുകളുടെ ഭക്തിസാന്ദ്രമായ വായനയാല്‍ മനസ്സ് തണുപ്പിക്കാനൊരുങ്ങുകയാണ് പ്രവാസി മലയാളികള്‍ . ജോലിത്തിരക്കിനിടയിലും ഇവിടെയുള്ള മലയാളികള്‍ തനിച്ചും കുടുംബങ്ങളായും വിവിധ സംഘടനകളുടെ നേതൃത്വത്തിലും രാമായണ പാരായണത്തില്‍ ഏര്‍പ്പെടുന്നു. രാത്രി എട്ടുമണി മുതല്‍ പത്തുമണി വരെയാണ് വിവിധ എമിറേറ്റുകളില്‍ രാമായണ പാരായണം നടക്കുന്നത്. വാരാന്ത്യങ്ങളില്‍, പ്രത്യേകിച്ച്‌ വെള്ളിയാഴ്ചകളില്‍ കുട്ടികളും മുതിര്‍ന്നവരുമടക്കം ഒട്ടേറെപ്പേര്‍ ഒരുമിച്ചിരുന്നു രാമായണ പാരായണം നടത്തുന്ന രീതിയും ഇവിടെയുണ്ട്.

വരുംതലമുറയ്ക്ക്‌ ഭക്തിയും ഭാഷയും നന്മയും പകര്‍ന്നു നല്‍കുകയാണ് പ്രവാസത്തിലെ രാമായണ മാസാചരണത്തിന്‍റെ പ്രധാന ലക്ഷ്യം. ആധ്യാത്മിക സമിതി, എസ്.എന്‍.ഡി.പി യോഗം, എന്‍.എസ്.എസ് തുടങ്ങിയ കൂട്ടായ്മകളുടെ നേതൃത്വത്തിലും യു.എ.ഇ യിലെ വിവിധയിടങ്ങളിലായി രാമായണമാസാചരണം നടക്കുന്നുണ്ട്.

Lets socialize : Share via Whatsapp