ലോകത്തിന്‍റെ ആശംസയേറ്റു വാങ്ങി ഷെയ്ഖ് മുഹമ്മദ്

by Dubai | 16-07-2019 | 415 views

ദുബായ്: ലോകത്തിന്‍റെ ആശംസയേറ്റുവാങ്ങി എഴുപതാം പിറന്നാള്‍ ദിനത്തില്‍ യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ജനങ്ങളുടെ ആശയങ്ങള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ട് നയിക്കുന്ന ദീര്‍ഘദര്‍ശിയായ രാജാവിന് അനുയായികള്‍ ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഷെയ്ഖ് മുഹമ്മദിന്‍റെ പിറന്നാള്‍ ലോകജനതയ്ക്ക് മുഴുവന്‍ ആഘോഷമാകുന്നത്. ഇരുനൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സ്വന്തം നാടുപോലെ തന്നെയാണ് യു.എ.ഇ. ഉറപ്പോടെ സ്വന്തം ജനതയോട് പറയുന്ന വാഗ്ദാനങ്ങള്‍ നിറവേറ്റുന്ന ആര്‍ജവത്തിനാണ് ലോകം ഷെയ്ഖ് മുഹമ്മദിനെ ആദരിക്കുന്നത്.

ദുബായ് ക്രീക്കിന് സമീപം ഷിന്ദഗയിലെ അല്‍ മക്തൂം രാജകുടുംബത്തില്‍ ഷെയ്ഖ് റാഷിദ് ബിന്‍ സായിദ് അല്‍ മക്തൂമിന്‍റെ നാലു മക്കളില്‍ മൂന്നാമനായി 1949 ജൂലായ് 15-ന് ആണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദിന്‍റെ ജനനം. സഹോദരന്‍ ഷെയ്ഖ് മക്തൂം ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ മരണത്തെത്തുടര്‍ന്ന് 2006 ജനുവരി നാലിനാണ് ഷെയ്ഖ് മുഹമ്മദ് ദുബായ് ഭരണാധികാരിയായി ചുമതലയേല്‍ക്കുന്നത്. ഇതേവര്‍ഷം ജനുവരി അഞ്ചിന് സുപ്രീംകൗണ്‍സില്‍ അംഗങ്ങള്‍ അദ്ദേഹത്തെ യു.എ.ഇ-യുടെ വൈസ് പ്രസിഡന്‍റായും തിരഞ്ഞെടുത്തു. 2006 ഫെബ്രുവരി 11-ന് യു.എ.ഇ പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഷെയ്ഖ് മുഹമ്മദിനെ യു.എ.ഇ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചു.

ദുബായ് എന്ന നഗരത്തിന്‍റെ ആധുനിക മുഖച്ഛായ ഷെയ്ഖ് മുഹമ്മദിന്‍റെ ഭാവനാപരമായ നയവൈദഗ്ധ്യത്തിന്‍റെ ഉദാഹരണം മാത്രമാണ്. സര്‍ക്കാര്‍ സേവനങ്ങള്‍ സ്മാര്‍ട്ടാക്കി സുസ്ഥിര വികസന മാതൃകയുണ്ടാക്കി. യുവജനങ്ങളുടെ കര്‍മശേഷിയില്‍ അദ്ദേഹം അര്‍പ്പിച്ച വിശ്വാസം ഏറ്റവും പുതിയതെന്തും യു.എ.ഇ-യുടേതാക്കി മാറ്റുന്നതില്‍ നിര്‍ണായകമായ ചുവടുവെപ്പായി. വിദ്യാഭ്യാസ മേഖലയുടെ വികസനത്തിന് ഏറ്റവും പ്രാധാന്യം നല്‍കുന്ന നയങ്ങളാണ് അദ്ദേഹം കൈക്കൊണ്ടത്. സാമ്പത്തിക, സാമൂഹിക, സാംസ്കാരിക രംഗങ്ങളില്‍ ലോകത്തിനു മുന്നില്‍ യു.എ.ഇ അമ്പരപ്പിക്കുന്ന നേട്ടങ്ങള്‍ കൈവരിച്ചതും ഇതേ ദീര്‍ഘവീക്ഷണത്തോടെ കൈക്കൊണ്ട പ്രവര്‍ത്തന ഫലമായാണ്.

ഭരണ രംഗങ്ങളില്‍ ജാഗ്രതയോടെയുള്ള ചുവടുകള്‍ വെക്കുമ്പോഴും ലോകത്തെ മുഴുവന്‍ ചിന്തിപ്പിക്കുന്ന വരികള്‍ അദ്ദേഹം എഴുതിക്കൊണ്ടിരുന്നു. ഞാന്‍ ഇന്നും യുവതയില്‍ നിന്ന് പഠിച്ചു കൊണ്ടിരിക്കുകയാണെന്നും യാത്രയുടെ ആരംഭത്തില്‍ അഹങ്കാരമില്ലാതെ നിലകൊള്ളുകയാണെന്നും പറയുന്ന ഷെയ്ഖ് മുഹമ്മദിന്‍റെ വാക്കുകള്‍ കേള്‍ക്കാന്‍ ലോകയുവത തന്നെ കൂടെ നിന്നു. 97 ലക്ഷം ആളുകളാണ് ഷെയ്ഖ് മുഹമ്മദിനെ ട്വിറ്ററില്‍ പിന്തുടരുന്നത്. പല ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയ ഒട്ടേറെ കവിതകളും ഷെയ്ഖ് മുഹമ്മദിന്‍റേതായുണ്ട്.

യു.എ.ഇ-യുടെ മാത്രമല്ല, ലോകത്തിന്‍റെ മുഴുവന്‍ ക്ഷേമ പ്രവര്‍ത്തനങ്ങളിലും സജീവമാണ് അദ്ദേഹം. എണ്ണിയാലൊടുങ്ങാത്ത ഒട്ടേറെ പദ്ധതികളാണ് വിദ്യാഭ്യാസം, ശുദ്ധജലം, പാര്‍പ്പിടം തുടങ്ങിയ മേഖലകളില്‍ യു.എ.ഇ-യിലും പുറത്തുമായി ഷെയ്ഖ് മുഹമ്മദിന്‍റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്നത്. ഇതെല്ലാം ഷെയ്ഖ് മുഹമ്മദിനെ യു.എ.ഇ-യിലെ വിദേശികളുള്‍പ്പെടെയുള്ളവരുടെ പ്രിയ നേതാവാക്കി മാറ്റുന്നു. ആയിരക്കണക്കിന് ആളുകളാണ് പ്രിയ ഭരണാധികാരിക്ക് സാമൂഹിക മാധ്യമങ്ങള്‍ വഴി ഹൃദയപൂര്‍വം ആശംസകള്‍ അറിയിച്ചിരിക്കുന്നത്.

Lets socialize : Share via Whatsapp