
അബൂദാബി: ഖത്തര്‍ ആസ്ഥാനമായ അല്‍ ജസീറ ചാനല്‍ ബോംബിട്ട് തകര്‍ക്കണമെന്ന് ദുബായ് സുരക്ഷാ തലവന്‍ ലഫ്റ്റനന്റ് ജനറല്‍ ദഹി ഖല്ഫാന്. ഈജിപ്തിലെ സിനായ് പ്രവിശ്യയിലെ പള്ളിയിലുണ്ടായ ആക്രമണത്തിന് പ്രോല്‍സാഹനം നല്‍കിയെന്നാരോപിച്ചാണ് ദുബ്യ് മുന്‍ പോലിസ് തലവന്റെ പ്രകോപനപരമായ പ്രസ്താവന. 'സഖ്യം ഭീകരവാദത്തിന്റെ യന്ത്രം ബോംബിട്ട് തകര്‍ക്കണം... ഇസ്ലാമിക് സ്റ്റേറ്റിന്റെയും അല്‍ ഖാഇദയുടെയും അല്‍ നുസ്റ ഫ്രണ്ടിന്റെയും ചാനലായ അല്‍ ജസീറ ഭീകരരെ'- ഖല്ഫാന് തന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ കുറിച്ചു. ഈജിപ്തിന്റെയും അറബ് ലോകത്തിന്റെയും സുരക്ഷ ഇനിയും എത്രകാലമാണ് ഇവര്‍ അപകടപ്പെടുത്തുകയെന്നും അദ്ദേഹം ചോദിച്ചു. ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി, അല്‍ ഖാഇദ തലവന്‍ ഉസാമ ബിന്‍ ലാദിന്, ഹിസ്ബുല്ല നേതാവ് ഹസന് നസ്റുല്ല, ഇസ്ലാമിക പണ്ഡിതന് യൂസുഫുല്‍ ഖര്‍ദാവി എന്നിവരുടെ ചിത്രത്തോടൊപ്പം അല്‍ ജസീറയുടെ ലോഗോ കൂടി നല്‍കിയായിരുന്നു ഖല്ഫാന് ട്വിറ്റര്‍ പോസ്റ്റ്.
തന്റെ പ്രസ്താവനയിലൂടെ ഭീകരവാദത്തിന് പ്രോല്‍സാഹനം നല്‍കുകയാണ് ഖല്ഫാന് ചെയ്തിരിക്കുന്നതെന്ന് അല്‍ ജസീറ അറബിക് വിഭാഗത്തിന്റെ മാനേജിംഗ് ഡയരക്ടര്‍ യാസിര്‍ അബൂ ഹിലാല പറഞ്ഞു. ഭീകരകൃത്യം ചെയ്യുന്നത് മാത്രമല്ല, അതിന് പ്രേരണ നല്‍കുന്നതും ഭീകരവാദമാണെന്നും അദ്ദേഹം വ്യക്തമാക്കി. അല്‍ജസീറയ്ക്കും അതിലെ ജീവനക്കാര്‍ക്കും എതിരേ നടക്കുന്ന ഏതൊരു ആക്രമണത്തിന്റെയും ഉത്തരവാദിത്തം ഖല്ഫാനായിരിക്കും. സിനായ് പള്ളിക്കെതിരായ ഭീകരാക്രമണത്തിലുള്ള ദുഃഖവും ദേഷ്യവും അല്‍ ജസീറയ്ക്കെതിരായി തിരിച്ചുവിടാനാണ് അദ്ദേഹത്തിന്റെ നീക്കമെന്നും അല്‍ ജസീറ വക്താവ് പറഞ്ഞു. ഇത്തരം നിരവധി പ്രകോപനപരമായ പ്രസ്താവനകള്‍ ഖല്ഫാന് ഇതിന് മുമ്പും നടത്തിയിട്ടുണ്ടെങ്കിലും ശിക്ഷിക്കപ്പെട്ടിട്ടില്ല. നേരത്തേ മധ്യപൗരസ്ത്യ ദേശത്തിന്റെ ശത്രുവിനെതിരേ അറബികള്‍ ഇസ്രായേലിനോടൊപ്പം ചേരണമെന്ന് ഇറാന്റെ പേരെടുത്ത് പറയാതെ ഖല്ഫാന് ആഹ്വാനം ചെയ്തിരുന്നു. അമേരിക്കയില്‍ മുസ്ലിംകള്ക്ക് വിലക്കേര്‍പ്പെടുത്തിയ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പൂര്‍ണ പിന്തുണയും ഇദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
ഖത്തറിനെതിരേ യു.എ.ഇ ഉള്‍പ്പെടെയുള്ള അറബ് സഖ്യം ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ പ്രസ്താവന. ഖത്തറിനോട് ആഭിമുഖ്യം പുലര്‍ത്തുന്നവര്‍ക്ക് 15 വര്‍ഷം തടവും അഞ്ച് ലക്ഷം ദിര്‍ഹം പിഴയുമാണ് യു.എ.ഇ സര്‍ക്കാര്‍ വിധിച്ചിരിക്കുന്നത്. ഖത്തറിനെതിരായ ഉപരോധം പിന്‍വലിക്കാനുള്ള നിബന്ധനകളിലൊന്നാണ് അല്‍ ജസീറ നെറ്റ് വര്‍ക്ക് അടച്ചുപൂട്ടുകയെന്നത്. എന്നാല്‍ ഈ ആവശ്യം ഖത്തര്‍ ശക്തമായി നിരാകരിക്കുകയായിരുന്നു.