
ഷാര്‍ജ: സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണത്തിന് ഷാര്‍ജ അല്‍ ഖാസിമി ആശുപത്രി കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുന്നു. അതിന്റെ ഭാഗമായി അവരുടെ ഹൃദയ ശസ്ത്രക്രിയകള്‍ക്ക് സ്ഥിരം സൗകര്യം ഏര്‍പ്പെടുത്തും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമിടയില്‍ ഹൃദ്രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനാലാണ് വിദഗ്ധ ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും സേവനം സ്ഥിരമായി ലഭ്യമാക്കും വിധത്തില്‍ സൗകര്യം വിപുലീകരിക്കുന്നത്.
നിലവില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ പുറമേ നിന്നുള്ള ഡോക്ടര്‍മാരുടെ സേവനമാണ് കൂടുതലായി ഉപയോഗപ്പെടുത്തുന്നത്. നിര്‍ണായക ശസ്ത്രക്രിയകള്‍ ചെയ്യാന്‍ കഴിവുള്ള ഡോക്ടര്‍മാരെയാണ് അല്‍ ഖാസിമിയില്‍ പുതുതായി നിയമിച്ചത്. കേരളത്തില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരുടെയടക്കം സേവനം ഹൃദയ ശസ്ത്രക്രിയ രംഗത്ത് അല്‍ ഖാസിമിയില്‍ ഉറപ്പാക്കിയിട്ടുണ്ട്. ഷാര്‍ജയിലും മറ്റ് വടക്കന്‍ എമിറേറ്റുകളിലുമുള്ളവര്ക്ക് ഏറെ സഹായകരമാകും വിധം വൈദ്യശാസ്ത്ര രംഗത്ത് വലിയ പുരോഗതി കൈവരിക്കുകയാണ് ഷാര്‍ജ അല്‍ ഖാസിമി ആശുപത്രി. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണമുള്‍പ്പെടെ രോഗികള്‍ക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനായി വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ആശുപത്രി ഡയറക്ടര്‍ ജനറല്‍ ഡോ.സഫിയ അല്‍ ഖാജ പറഞ്ഞു.