ഭീകരതയ്ക്കെതിരായ പോരാട്ടം കൂടുതല്‍ ശക്തമാക്കാന്‍ ഇന്ത്യ - യു.എ.ഇ ധാരണ

by General | 11-07-2019 | 549 views

ഭീകരതയ്ക്കെതിരായ പോരാട്ടം കൂടുതല്‍ ശക്തമാക്കാന്‍ ഇന്ത്യയും യു.എ.ഇ-യും തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി പ്രതിരോധ, സുരക്ഷാ മേഖലകളില്‍ കൂടുതല്‍ നിക്ഷേപം ഉറപ്പാക്കും. സംയുക്​ത സൈനികാഭ്യാസം കൂടുതല്‍ വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്​.

വിവിധ തുറകളില്‍ ഇരുരാജ്യങ്ങളും കൂടുതല്‍ അടുത്ത സഹകരണം രൂപപ്പെടുത്താനാണ്​ ധാരണ. പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യമന്ത്രി ഡോ. എസ്.ജയ് ശങ്കര്‍ എന്നിവരുമായി കഴിഞ്ഞ ദിവസം യു.എ.ഇ വിദേശകാര്യ മന്ത്രി ഷെയ്ഖ്​ അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന്‍ നടത്തിയ ചര്‍ച്ചയിലാണ്​ ഇതു സംബന്ധിച്ച തീരുമാനം. ഇന്ത്യയിലെ യു.എ.ഇ സ്ഥാനപതി ഡോ.അഹമ്മദ് അബ്ദുല്‍ റഹ്മാന്‍ അല്‍ ബന്നയും ചര്‍ച്ചയില്‍ പങ്കെടുത്തു.

ഞായറാഴ്ച ഇന്ത്യയിലെത്തിയ ഷെയ്ഖ്​ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഡല്‍ഹിയിലെ വ്യവസായികള്‍, സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയവരുമായും ചര്‍ച്ചകള്‍ നടത്തി. പ്രതിരോധ സഹകരണത്തിന്‍റെ ഭാഗമായി സംയുക്ത പരിശീലനം, വ്യായാമങ്ങള്‍, പങ്കാളിത്തം, പ്രതിരോധ പ്രദര്‍ശനങ്ങള്‍ എന്നിവക്കും ധാരണയായി.

ഊര്‍ജ രംഗത്തെ തന്ത്രപ്രധാന സഹകരണം വ്യാപിപ്പിക്കുന്നതും പ്രധാനമാണ്​. ഇന്ത്യയിലെ എണ്ണ, പെട്രോകെമിക്കല്‍ മേഖലയില്‍ നിക്ഷേപം വര്‍ധിപ്പിക്കുമെന്ന് യു.എ.ഇ നേരത്തേ പ്രഖ്യാപിച്ചിരുന്നു. പാരമ്പര്യേതര ഊര്‍ജരംഗത്തും ഇരു രാജ്യങ്ങളും വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചുവരികയാണ്. അബുദാബിയില്‍ ​അ​ഡ്​നോകുമായി സഹകരിച്ച്‌​ എണ്ണ ഖനനത്തിന് നൂറ്​ ശതമാനം ഓഹരി പങ്കാളിത്തമുള്ള സുപ്രധാന കരാറില്‍ നേരത്തെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും ഭാരത് പെട്രോളിയവും ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യം ധാരണ രൂപപ്പെടുത്തിയിരുന്നു. ഷെയ്ഖ്​ അബ്ദുള്ളയുടെ സന്ദര്‍ശനത്തിന്‍റെ തുടര്‍ച്ചയായി കേന്ദ്ര വിദേശകാര്യ മന്ത്രി ജയശങ്കര്‍ യു.എ.ഇ സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്​.

Lets socialize : Share via Whatsapp