
ദുബായ്: മഅ്ദിന്‍ അക്കാദമിയുടെ ഇരുപതാം വാര്‍ഷികാഘോഷമായ വൈസനിയത്തോടനുബന്ധിച്ച് ദുബായില്‍ സംഘടിപ്പിച്ച 'ഭാവിയിലെ വിദ്യാഭ്യാസം, വിദ്യാഭ്യാസത്തിന്റെ ഭാവി' ചര്‍ച്ചാസംഗമം ശ്രദ്ധേയമായി. വിദ്യാഭ്യാസ മേഖലയിലെ പുതു പ്രവണതകളെ സംബന്ധിച്ചും വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യമായ മനുഷ്യ നന്മയിലധിഷ്ടിതമായ കരിക്കുലവും ആശയവും രൂപപ്പെടുത്തുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചും ഗൗരവപൂര്‍ണമായ ചര്‍ച്ചയാണ് സംഗമത്തില്‍ നടന്നത്.
2018 ഡിസംബറില്‍ സമാപിക്കുന്ന മഅ്ദിന്‍ വൈസനിയം പദ്ധതിയുടെ ഭാഗമായി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും അക്കാദമിക് പണ്ഡിതരെയും ബന്ധപ്പെടുത്തിയുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായാണ് വിവിധ വന്‍കരകളില്‍ നിന്നുള്ള പണ്ഡിതരും അക്കാദമിക് വിദഗ്ധരെയും ഉള്‍പ്പെടുത്തി ചര്‍ച്ച സംഘടിപ്പിച്ചിട്ടുള്ളതെന്ന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരി പറഞ്ഞു. വെര്‍ച്വല്‍ യൂണിവേഴ്സിറ്റിയടക്കമുള്ള വൈസനം പദ്ധതികളുടെ സുഗമമായ നടത്തിപ്പിനുള്ള പിന്തുണയും മഅ്ദിന്‍ രൂപം നല്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിക്ക് ബൗദ്ധികാടിത്തറ ഒരുക്കുകയുമാണ് ഇത്തരം സംഗമങ്ങള്‍ വഴി ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.
മഅ്ദിന്‍ അക്കാദമി ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് റിച്ചഡ് നികസന്റെ ഉപദേഷകനും വാഷിങ്ടണ്‍ ആസ്ഥാനമായ സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ച് സ്ഥാപകനുമായ ഡോ. റോബര്‍ട്ട് ഡി ക്രയിന്‍ ഉദ്ഘാടനം ചെയ്തു. സാങ്കേതിക വിദ്യയുടെ യാന്ത്രികതയ്ക്കപ്പുറം മനുഷ്യന്റെ ശാരീരികവും മാനസികവും സാമൂഹികവുമായ ഉന്നതി ലക്ഷ്യമിടുന്ന ഹോളിസ്റ്റിക് സമീപനത്തിനാണ് വിദ്യാഭ്യാസ രംഗത്ത് ഊന്നല്‍ നല്‍കേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചിന്താരംഗത്തും ജീവിതാനുഭവങ്ങളിലും തീര്‍ത്തും വേറിട്ട തലമുറകളാണ് സ്ഥാപനങ്ങളില്‍ നിന്ന് പുറത്തു വരുന്നത്. ഹൃദയങ്ങളോട് സംവദിക്കുന്ന അറിവാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.