
റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയിലൂടെ യാത്ര ചെയ്യേണ്ട റോഡിലൂടെ 204 കിലോമീറ്റര്‍ വേഗതയില്‍ കാറുമായി ചീറിപ്പാഞ്ഞ യുവാവിനെ പോലിസ് പിടികൂടി. ഷെയ്ഖ് മുഹമ്മദ് ബിന്‍ സാദിയ് റോഡില്‍ സ്ഥാപിച്ച റഡാറാണ് അമിത വേഗത്തില്‍ ചീറിപ്പാഞ്ഞ ഈ കാറിന്റെ ചിത്രം ക്യാമറയില്‍ പകര്‍ത്തിയത്. വിവരം ലഭിച്ചയുടന്‍ പോലീസ് റോഡ് തടയുകയും വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു. അനുവദിക്കപ്പെട്ടതില്‍ കൂടുതല്‍ വേഗതയില്‍ വാഹനമോടിച്ചാല്‍ 3,000 ദിര്‍ഹമാണ് പിഴ. ഇതോടൊപ്പം 23 ബ്ലാക്ക് പോയിന്റുകളും വാഹനമുടമയ്ക്ക് ലഭിക്കും. എന്ന് മാത്രമല്ല 60 ദിവസം കഴിഞ്ഞേ വാഹനം വിട്ടുകിട്ടുകയുള്ളൂ എന്ന പ്രശ്നവുമുണ്ട്. അടുത്തകാലത്തായി റാസല്‍ ഖൈമയില്‍ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ വേഗതയായിരുന്നു ഇതെന്ന് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡയരക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഡോ. മുഹമ്മദ് സഈദ് അല്‍ ഹുമൈദി പറഞ്ഞു.
ട്രാഫിക് നിയമം കര്‍ശനമാക്കിയതിനെ തുടര്‍ന്ന് മുന്‍വര്‍ഷങ്ങളെക്കാള്‍ അപകടങ്ങള്‍ കുറഞ്ഞുവരുന്നതായി ഡോ. മുഹമ്മദ് സഈദ് അല്‍ ഹുമൈദി പറഞ്ഞു. എന്നാല്‍ അമിത വേഗതയുടെ കാര്യത്തില്‍ ഇപ്പോഴും വലിയ മാറ്റമുണ്ടായിട്ടില്ല. റാസല്‍ ഖൈമയില്‍ ഈ വര്‍ഷം മാത്രം 1,514 ഡ്രൈവര്‍മാരെയാണ് അമിത വേഗതയില്‍ വാഹനമോടിച്ചതിന് പോലിസ് പിടികൂടി പിഴയീടാക്കിയത്. ഇത് കഴിഞ്ഞ വര്‍ഷങ്ങളെക്കാള്‍ കുറവാണെന്നും അദ്ദേഹം പറഞ്ഞു.