
റിയാദ്: മതനിന്ദയും വിദ്വേഷവും പ്രചരിപ്പിക്കുന്നവര്‍ക്ക് സൗദിയില്‍ ഏഴുവര്‍ഷം തടവും പിഴയും നല്കുന്ന നിയമം വരുന്നു. സൗദി ശൂറ കൗണ്‍സിലിനു കീഴിലുള്ള ഇസ്ലാമിക ജുഡീഷൃല്‍ വിഭാഗം ഇത് സംബന്ധിച്ച നിയമ നിര്‍മാണത്തിലാണിപ്പോള്‍.
മതനിന്ദയും വിദ്വേഷവും വിവേചനപരവും വെറുപ്പുളവാക്കുന്നതുമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരേ ഉള്ളതായിരിക്കും നിയമം. ഇത് സംബന്ധമായ സംസാരങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, ആംഗ്യങ്ങള്‍, ദ്വയാര്‍ഥപ്രയോഗം എന്നിവ നിര്‍വചിക്കുന്നതിനുള്ള പഠനം പൂര്‍ത്തിയാകുന്ന മുറയ്ക്ക് നിയമത്തിന്റെ കരട് ശൂറാ കൗണ്‍സിലില്‍ അവതരിപ്പിക്കും.
ഇത്തരം സ്വഭാവദൂഷ്യ പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കുള്ള ശിക്ഷകളെ സംബന്ധിച്ചും പഠന റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. 29 ഖണ്ഡികകളിലായി പൂര്‍ത്തിയാവുന്ന നിയമാവലിയില്‍ ഒരു വ്യക്തിക്കെതിരെയോ ഒരു സംഘം ആളുകള്ക്കെതിരേയോ മതം, ദേശം, തൊഴില്‍, വിശ്വാസം, വംശം, ലിംഗം, ഗോത്രം, വിവിധ ചിന്താധാരകള്‍ എന്നിവയുടെ പേരില്‍ ഏതെങ്കിലും രൂപത്തില്‍ വിഭാഗീയതയുണ്ടാക്കുന്നത് കടുത്ത തെറ്റാണ്. ഇത്തരം നിയമ ലംഘനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അഞ്ചു മുതല്‍ ഏഴുവരെ വര്‍ഷം തടവും അഞ്ചു ലക്ഷം റിയാല്‍ പിഴയുമാണ് നിയമാവലിയില്‍ ശിക്ഷയായി ചേര്‍ത്തിട്ടുള്ളത്.