യു.എ.ഇ - യില്‍ ചൂട് കൂടുന്ന സാഹചര്യത്തില്‍ കരുതല്‍ നിര്‍ദേശങ്ങളുമായി അബുദാബി പോലീസ്

by General | 03-07-2019 | 523 views

അബുദാബി: യു.എ.ഇ-യില്‍ ചൂട് കൂടുന്ന സാഹചര്യത്തില്‍ കരുതല്‍ നിര്‍ദേശങ്ങളുമായി അബുദാബി പോലീസ്. പകല്‍ അന്തരീക്ഷ ഊഷ്മാവ് കൂടുന്ന സമയങ്ങളില്‍ സൂര്യപ്രകാശം നേരിട്ട് ശരീരത്തില്‍ പതിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണം. ജോലിയോ, വ്യായാമമോ തുറസ്സായ സ്ഥലങ്ങളില്‍ ചെയ്യരുത്. ഇത് ശരീരത്തിലെ ജലാംശംവും ഉപ്പും പെട്ടെന്ന് നഷ്ടപ്പെടുത്തുകയും ക്ഷീണത്തിനും തലകറക്കത്തിനും സൂര്യാഘാതത്തിനും വരെ കാരണമാവുകയും ചെയ്യും. ശാസ്ത്രീയ രീതിയില്‍ പരിചരിച്ചില്ലെങ്കില്‍ ഗുരുതരമായ ശാരീരിക ബുദ്ധിമുട്ടുകളിലേക്ക് ഇവ നയിച്ചേക്കും.

'സുരക്ഷിതമായ വേനല്‍ക്കാലം' എന്ന പേരില്‍ ശക്തമായ ബോധവത്കരണങ്ങളാണ് അബുദാബി പോലീസ് നടത്തുന്നത്. സൂര്യാഘാതം തലയിലെ കോശങ്ങളെയും ആന്തരികാവയവങ്ങളെയും സാരമായി ബാധിക്കും. വെയിലത്ത് പുറത്തിറങ്ങിയതിന് ശേഷമുള്ള തലകറക്കം, ഛര്‍ദി, വര്‍ധിച്ച ഹൃദയമിടിപ്പ്, പേശി കോച്ചല്‍, ബോധക്ഷയം, അവ്യക്തത, പനി എന്നിവയെല്ലാം സൂര്യാഘാതത്തിന്‍റെ ലക്ഷണങ്ങളാണ്. ചൂട് കൂടിയ സമയങ്ങളില്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കുന്നതിന് പുറമെ വായു സഞ്ചാരമില്ലാത്ത ഇടുങ്ങിയ മുറികളില്‍ കഴിയുന്നതും ഒഴിവാക്കണം. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിന് ആവശ്യമായ അത്രയും വെള്ളം കുടിക്കണം. ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് ഒഴിവാക്കണം. കൂളിങ് ഗ്ലാസുകള്‍ ധരിക്കണം. സൂര്യാഘാതം സംഭവിച്ച ഒരാളെ എത്രയുംവേഗം തണുപ്പുള്ള സ്ഥലത്ത് വിശ്രമിക്കാന്‍ അനുവദിക്കുകയും കുടിക്കാന്‍ വെള്ളം നല്‍കുകയും ചെയ്യണം. ആള്‍ക്ക് ബോധം നഷ്ടമായാല്‍ പ്രാഥമിക ശശ്രൂഷയായി ഐസ് ബാഗ് കക്ഷത്തിലും അടിവയറ്റിലും കഴുത്തിലും വെക്കണമെന്നും പോലീസ് നിര്‍ദേശിക്കുന്നു. ആന്തരികമായ ചൂട് ശമിപ്പിക്കാനാണ് ഈ നടപടി.

ഏതെങ്കിലും തരത്തിലുള്ള അത്യാഹിതം സംഭവിക്കുകയാണെങ്കില്‍ 999-ല്‍ വിളിച്ച്‌ കൃത്യമായ വിലാസം അറിയിച്ച്‌ പോലീസ് സേവനം തേടാം. പോലീസ് സംഘം ആംബുലന്‍സുമായി എത്തുന്നതുവരെ അപകടം പറ്റിയ ആള്‍ക്ക് കൂട്ടിരിക്കണമെന്നും പോലീസ് പൊതുജനങ്ങളോടാവശ്യപ്പെട്ടു.

Lets socialize : Share via Whatsapp