സൗദി ജയിലില്‍ കഴിയുന്ന മലയാളിയെ മോചിപ്പിക്കണമെന്ന ആവശ്യവുമായി കുടുംബം

by International | 02-07-2019 | 471 views

സൗദി ജയിലില്‍ കഴിയുന്ന മലയാളിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം. കോഴിക്കോട് കിഴക്കോത്ത് സ്വദേശി മുഹമ്മദ് അഷ്റഫ് 4 വര്‍ഷമായി കഴിയുന്നത് ജിദ്ദയിലെ സുമൈശി ജയിലില്‍. കള്ള പരാതി നല്‍കി സൗദിയിലെ അഭിഭാഷകനാണ് മുഹമ്മദ് അഷ്റഫിനെ വഞ്ചിച്ചതെന്നും ആക്ഷേപം

27 വര്‍ഷമായി സൗദിയില്‍ ജോലി ചെയ്ത് വരുന്ന താമരശ്ശേരി കിഴക്കോത്ത് സ്വദേശി മുഹമ്മദ് അഷ്റഫാണ് 4 കൊല്ലമായി സുമൈശി ജയിലില്‍ കഴിയുന്നത്. 6 വര്‍ഷം മുമ്പ് ബിസിനസ്സ് തുടങ്ങിയ അഷ്റഫിനെ മലയാളികള്‍ അടങ്ങുന്ന സംഘം കബളിപ്പിച്ചെന്ന് കുടുബം പറയുന്നു. വ്യാപാര സ്ഥാപനത്തില്‍ വരവില്‍ കവിഞ്ഞ പണം ഉണ്ടെന്ന പരാതിയിലാണ് ആദ്യം ജയിലില്‍ ആവുന്നത്. 2 വര്‍ഷത്തിന് ശേഷം ഇതില്‍ കഴമ്പില്ലെന്ന് ബോധ്യമായതിനെ തുടര്‍ന്ന് വെറുതെ വിട്ടെങ്കിലും പുറത്തിറങ്ങും മുമ്പ് അഭിഭാഷകന്‍ വഞ്ചിച്ചെന്ന് കുടുംബം പറയുന്നു. കേസ് ചെലവായ 38 ലക്ഷം റിയാല്‍ അഷ്റഫ് നല്‍കാനുണ്ടെന്ന് കാണിച്ച്‌ സൗദി അഭിഭാഷകന്‍ വ്യാജ രേഖ ഉണ്ടാക്കിയെന്ന് ഭാര്യ റൈഹാനത്ത് പറഞ്ഞു.

ജയില്‍ മോചിതനാക്കാനായി ഇടനിലക്കാരെ വെച്ച്‌ കൂടുതല്‍ പണം ആവശ്യപ്പെടുന്ന നിലയുണ്ടെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. മോചനം ആവശ്യപ്പെട്ട് ഇന്ത്യന്‍ എംബസിക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ നടപടിയൊന്നും ഉണ്ടായിട്ടില്ല. അഷ്റഫ് ജയില്‍ മോചിതനാവാതിരിക്കാന്‍ ചില മലയാളികള്‍ തന്നെ സ്പോണ്‍സറെ തെറ്റിദ്ധരിപ്പിക്കുന്ന സാഹചര്യമുണ്ടെന്നും കുടുംബം പറയുന്നു. പ്രായമായ ഉപ്പയും ഉമ്മയും 3 കുട്ടികളും അടങ്ങുന്നതാണ് മുഹമ്മദ് അഷ്റഫിന്‍റെ  കുടുംബം. വിഷയത്തില്‍ വിദേശകാര്യ മന്ത്രാലയം ശക്തമായി ഇടപെട്ടാല്‍ അഷ്റഫിന്‍റെ ജയില്‍ മോചനം സാധ്യമാകുമെന്ന പ്രതീക്ഷയിലാണിവര്‍.

Lets socialize : Share via Whatsapp