രക്ത സാമ്പിള്‍ മാറ്റിയ കേസില്‍ കുവൈറ്റില്‍ മലയാളി നേഴ്സിന് അഞ്ച് വര്‍ഷം തടവ്

by General | 21-11-2017 | 447 views

കുവൈറ്റ്: ചികിത്സയില്‍ കഴിയുന്ന രോഗിയുടെ രക്തസാമ്പിള്‍ മാറ്റിയ കേസില്‍ മലയാളി നേഴ്സിന് കുവൈറ്റ് കോടതി അഞ്ച് വര്‍ഷം തടവും പിഴയും വിധിച്ചു. തൊടുപുഴ സ്വദേശി എബിന്‍ തോമസിനെയാണ് ശിക്ഷിച്ചത്. അറബിയുടെ വീട്ടില്‍ പാചക ജോലിക്ക് നിയോഗിച്ചിരുന്ന ബംഗ്ലാദേശി സ്വദേശിക്ക് മഞ്ഞപ്പിത്തമുണ്ടെന്ന വിവരം മറച്ച് വെച്ചുവെന്ന കുറ്റമാണ് എബിന്‍റെ മേല്‍ ചുമത്തിയിരുന്നത്. കുവൈത്തിലെ അല്‍-ഫാഹീല്‍ മെഡിക്കല്‍ സെന്‍ററില്‍ നഴ്സായിരുന്നു എബിന്‍. ബംഗ്ലാദേശ് സ്വദേശി ക്ലിനിക്കില്‍ പരിശോധനയ്ക്ക് എത്തിയപ്പോള്‍ നടത്തിയ രക്ത പരിശോധനയില്‍ മഞ്ഞപ്പിത്തമുള്ളതായി കണ്ടെത്തിയിരുന്നില്ല. എന്നാല്‍ അറബിയുടെ വീട്ടില്‍ ജോലി ചെയ്യവേ ഇയാള്‍ രോഗബാധിതനാണെന്ന് രക്തപരിശോധനയില്‍ മഞ്ഞപ്പിത്തം കണ്ടെത്തി. ഇതേതുടര്‍ന്ന്, രോഗവിവരം മറച്ച് വെച്ചുവെന്ന് ആരോപിച്ച്‌ രാജ്യദ്രോഹകുറ്റം ചുമത്തിയാണ് എബിനെ കുവൈത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

നിലവില്‍ ജാമ്യത്തിലുള്ള എബിന് വിധിയുടെ പശ്ചാത്തലത്തില്‍ അപ്പീല്‍ നല്‍കാന്‍ കോടതി സാവകാശം അനുവദിച്ചിട്ടുണ്ട്. വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്നും എബിന്‍റെ അഭിഭാഷകന്‍ അറിയിച്ചു. മാര്‍ച്ച്‌ മുതല്‍ വിചാരണ തടവുകാരനായി ജയിലില്‍ കഴിഞ്ഞിരുന്ന എബിന് ഓഗസ്റ്റില്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു. എബിന്‍ ഉള്‍പ്പെടെ ഏഴ് പേരാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മറ്റുള്ളവരെല്ലാം ബംഗ്ലാദേശികളാണ്. എന്നാല്‍ സംഭവത്തില്‍ എബിന്‍ ചതിക്കപ്പെടുകയായിരുന്നു എന്നാണ് സുഹൃത്തുക്കളും വീട്ടുകാരും പറയുന്നത്.

Lets socialize : Share via Whatsapp