ഹജ്ജ് യാത്രികര്‍ക്ക് ആരോഗ്യ ബോധവത്കരണം

by General | 12-06-2019 | 381 views

ദുബായ്: ഹജ്ജ് യാത്രികര്‍ക്കായി ആരോഗ്യ ബോധവത്കരണ പദ്ധതിക്ക് ആരോഗ്യ മന്ത്രാലയം തുടക്കം കുറിച്ചു. ദുബായ് ഹെല്‍ത്ത് അതോറിറ്റിയുമായി ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയില്‍ ഹജ്ജ് യാത്രയ്ക്ക് തയ്യാറെടുക്കുന്നവര്‍ കൈക്കൊള്ളേണ്ട മുന്‍കരുതലുകളെക്കുറിച്ചാണ് വിശദമാക്കുന്നത്. ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, വകുപ്പ് ഡയറക്ടര്‍മാര്‍, ഡോക്ടര്‍മാര്‍, നഴ്‌സിങ് ജീവനക്കാര്‍ എന്നിവരെയെല്ലാം പങ്കാളികളാക്കിക്കൊണ്ടാണ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. പകര്‍ച്ച വ്യാധികളും അണുബാധകളും തടയുന്നതിനുള്ള വാക്‌സിനെക്കുറിച്ചും ഗുരുതരമായ അസുഖങ്ങളുള്ളവര്‍ കൈക്കൊള്ളേണ്ട മുന്‍കരുതലുകളെക്കുറിച്ചും ഇതില്‍ വ്യക്തമാക്കുന്നു. ഹജ്ജ് യാത്രികര്‍ക്ക് ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് മന്ത്രാലയം ഹജ്ജ് മെഡിക്കല്‍ മിഷന്‍ മേധാവി ഡോ. അബ്ദുല്‍ കരീം അല്‍ സറൂണി പത്രസമ്മേളനത്തില്‍ പറഞ്ഞു.

ലോകാരോഗ്യ സംഘടന നല്‍കുന്ന നിര്‍ദേശപ്രകാരം ഹജ്ജ് യാത്രയ്ക്ക് 15 ദിവസം മുന്‍പ് ഇന്‍ഫ്ളുവന്‍സ വാക്സിന്‍ നിര്‍ബന്ധമായും എടുക്കണമെന്ന് മന്ത്രാലയം പ്രതിരോധ കുത്തിവെപ്പ് വിഭാഗം മേധാവി ഡോ. ലൈല അല്‍ ജാസ്മി പറഞ്ഞു. 50 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ ന്യൂമോണിയ വാക്സിനെടുക്കണം. കൂടുതല്‍ സമയം വെയില്‍കൊള്ളുന്നത്, ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നത് എന്നിവയെല്ലാം ഹജ്ജ് യാത്രയെ ബാധിക്കുന്ന കാര്യങ്ങളാണ്.

പ്രായമേറെയുള്ളവര്‍ തനിച്ചുള്ള യാത്ര ഒഴിവാക്കി ആളുകള്‍ക്കൊപ്പം പോകാന്‍ തയ്യാറാവണം. വേദന സംഹാരികള്‍, പൊള്ളലിനുള്ള ഓയിന്‍മെന്‍റുകള്‍ എന്നിവയെല്ലാം കൈയില്‍ കരുതുന്നതും പ്രയോജനം ചെയ്യുമെന്നും ആരോഗ്യ മന്ത്രാലയം പ്രതിനിധികള്‍ അറിയിച്ചു. മന്ത്രാലയത്തിന്‍റെ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലഘുലേഖകളിലൂടെയും സാമൂഹിക മാധ്യമങ്ങള്‍ വഴിയും ബോധവത്കരണം ശക്തമാക്കും. പത്രസമ്മേളനത്തില്‍ ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ഹുസൈന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ റാന്‍ഡ്, പ്രിവന്‍റീവ് മെഡിസിന്‍ ഡയറക്ടര്‍ ഡോ. നാദ അല്‍ മസ്‌റൂഖി എന്നിവരും പങ്കെടുത്തു.

Lets socialize : Share via Whatsapp