വിസാ തട്ടിപ്പിനിരയായ 5 മലയാളികള്‍ നാട്ടിലേക്ക്

by General | 11-06-2019 | 493 views

അല്‍ഐന്‍: വിസാ തട്ടിപ്പിനിരയായി രണ്ടര മാസം അല്‍ഐനില്‍ ദുരിത ജീവിതം നയിച്ച 5 മലയാളികള്‍ ഇന്ന് വൈകിട്ട് നാട്ടിലേക്ക് തിരിക്കും. അല്‍ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്‍ററിന്‍റെയും ഇന്ത്യന്‍ എംബസിയുടെയും ഇടപെടലിനെ തുടര്‍ന്നാണ് ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ വഴിയൊരുങ്ങിയത്. കൊല്ലം അഞ്ചല്‍ സ്വദേശികളായ ഹസീം, സൈനുദ്ദീന്‍, മകന്‍ അല്‍മുബാറക്, തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികളായ നിഷാദ്, സദ്ദാം ഹുസൈന്‍ എന്നിവരാണ് തൊഴില്‍ തട്ടിപ്പിനിരയായി നാട്ടിലേക്ക് മടങ്ങുന്നത്. അല്‍ഐനില്‍ സിറിയക്കാരുടെ ഉടമസ്ഥതയില്‍ ആരംഭിക്കുന്ന റസ്റ്ററന്റില്‍ കുക്ക്, വെയിറ്റര്‍ ജോലി വാഗ്ദാനം ചെയ്താണ് ഇവരെ കൊണ്ടുവന്നത്.

കുക്കായി എത്തിയ സൈനുദ്ദീനും അല്‍മുബാറകിനും 1,800 ദിര്‍ഹമും വെയിറ്റര്‍മാരായ മറ്റുള്ളവര്‍ക്ക് 1,400 ദിര്‍ഹവുമായിരുന്നു വാഗ്ദാനം. പക്ഷേ, റസ്റ്ററന്‍റ് തുറന്നില്ലെന്നു മാത്രമല്ല ശമ്പളമോ ഭക്ഷണമോ നല്‍കിയില്ലെന്നും സൈനുദ്ദീന്‍ മാധ്യമങ്ങളോട് പറഞ്ഞു. 4 നില കെട്ടിടത്തിനു മുകളില്‍ വൈദ്യുതി പോലുമില്ലാത്ത സ്ഥലത്താണ് താമസിപ്പിച്ചിരുന്നത്. ഒരു മാസത്തെ സന്ദര്‍ശക വീസയിലാണ് സൈനുദ്ദീനും അല്‍മുബാറകും ഹസീമും എത്തിയത്. പിന്നീട് തൊഴില്‍ വിസയിലേക്ക് മാറിയെങ്കിലും വിസ സ്റ്റാംപ് ചെയ്തിട്ടില്ല. നിഷാദിനും സദ്ദാം ഹുസൈനും തൊഴില്‍ വിസ നല്‍കിയിരുന്നു. ഇതിനിടെ ഹസീമിന്‍റെ പിതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ കുറച്ചു പണം ചോദിച്ചപ്പോള്‍ റസ്റ്ററന്‍റ് തുറക്കുംവരെ ശമ്പളവും ഭക്ഷണവും ഉണ്ടാകില്ലെന്ന് അറിയിക്കുകയായിരുന്നു. ഈ നിലയില്‍ തുടരാന്‍ താല്‍പര്യമില്ലെന്നറിയിച്ചതോടെ താമസ സ്ഥലത്തുനിന്ന് ഇറക്കിവിട്ടു.

വിസ റദ്ദാക്കി പാസ്‌പോര്‍ട്ട് തിരികെ നല്‍കാനാവശ്യപ്പെട്ടപ്പോള്‍ പണം വേണമെന്നായി റസ്റ്ററന്‍റ് ഉടമ. ഇതേതുടര്‍ന്ന് 5 പേരും തൊഴില്‍ മന്ത്രാലയത്തില്‍ പരാതി നല്‍കി. റസ്റ്ററന്‍റ് തുറക്കാത്തതിനാല്‍ പണം ഈടാക്കിത്തരാനുള്ള വഴിയില്ലെന്നാണ് അവിടന്ന് അറിയിച്ചതെന്ന് ഇവര്‍ പറയുന്നു. റമസാനില്‍ നോമ്പുതുറക്കുന്ന സമയത്ത് പള്ളിയില്‍ നിന്ന് ലഭിക്കുന്ന ഭക്ഷണമായിരുന്നു വിശപ്പുമാറ്റാനാണുള്ള ആശ്രയം. വിവരം അറിഞ്ഞ അല്‍ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ ഭാരവാഹികള്‍ ഇവര്‍ക്ക് അഭയം നല്‍കുകയും എംബസിയുമായി ബന്ധപ്പെടുകയും ചെയ്തു. എംബസി അധികൃതര്‍ തൃശൂരിലുള്ള ഏജന്‍റ് റഷീദുമായി ബന്ധപ്പെടുകയും 5 പേര്‍ക്കും ടിക്കറ്റെടുത്ത് നല്‍കാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു. ഏജന്‍റ് നാട്ടിലേക്കുള്ള ടിക്കറ്റ് അയച്ചു കൊടുത്തതിനാല്‍ ഇവര്‍ ഇന്ന് നാട്ടിലേക്കു തിരിക്കും. ഇ-മൈഗ്രേഷന്‍ സംവിധാനം ഉപയോഗപ്പെടുത്താത്തതും വിസയുടെ നിജസ്ഥിതി ഉറപ്പുവരുത്താത്തതുമാണ് ഇത്തരം തട്ടിപ്പില്‍ കുടുങ്ങാന്‍ കാരണമെന്ന് എംബസിയുടെ പറയുന്നു.

Lets socialize : Share via Whatsapp