ആദ്യ കേന്ദ്രബജറ്റില്‍ ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ട് പ്രവാസികള്‍

by General | 04-06-2019 | 592 views

ജൂലൈ അഞ്ചിന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിൽ പുനരധിവാസ പദ്ധതി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിക്കണമെന്ന ആവശ്യം ഉന്നയിച്ച് പ്രവാസികൾ. ഇതുമായി ബന്ധപ്പെട്ട് വിവിധ കൂട്ടായ്മകളും ഗൾഫിലെ സാമ്പത്തിക വിദഗ്ധരും ധനമന്ത്രിക്ക് നിർദേശങ്ങൾ കൈമാറി.

മുൻ ബജറ്റുകളിലും എൻ.ഡി.എ-യുടെ പ്രകടന പത്രികയിലും പ്രവാസി പ്രശ്നങ്ങൾക്ക് പരിഗണനയൊന്നും ലഭിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ ബജറ്റിൽ ഇക്കുറിയും പരിഗണിക്കപ്പെടുമെന്ന വലിയ പ്രതീക്ഷയൊന്നും പ്രവാസികൾക്കില്ല. വിമാന നിരക്ക് വർധനയിൽ നിയന്ത്രണം ഏർപ്പെടുത്താനും സമഗ്ര പുനരധിവാസ നയം പ്രഖ്യാപിക്കാനും കേന്ദ്രം തയാറാകണമെന്ന ആവശ്യമാണ് പ്രവാസലോകം പ്രധാനമായും ഉന്നയിക്കുന്നത്.

പ്രവാസി ബന്ധു വെൽഫെയർ ട്രസ്റ്റ് ഉൾപ്പെടെയുള്ള കൂട്ടായ്മകളും ചില സാംസ്കാരിക സംഘടനകളുമാണ് ബജറ്റിൻെറ പരിഗണനക്കായി മന്ത്രി നിർദേശങ്ങൾ കൈമാറിയിരിക്കുന്നത്. പ്രവാസി പ്രശ്നങ്ങളിൽ സജീവമായി ഇടപെടണം എന്നാവശ്യപ്പെട്ട് മലയാളിയും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ വി. മുരളീധരനും പ്രവാസി സംഘടനകൾ നിവേദനം നൽകിയിട്ടുണ്ട്.

അതേ സമയം ബജറ്റ് അവതരണത്തോടെ രൂപയുടെ മൂല്യം വീണ്ടും ഇടിയാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ വ്യക്
തമാക്കുന്നത്. ഒരു ദിർഹത്തിന് 19 രൂപ എന്ന നിരക്കിലാണ് ഇപ്പാേൾ വിനിമയം നടക്കുന്നത്.

ബജറ്റിനു പുറമെ ജി.ഡി.പി-യിലെ ഇടിവ്, ഇന്ത്യൻ സാധനങ്ങൾക്ക് അമേരിക്ക ഇറക്കുമതി ആനൂകൂല്യം ഇല്ലാതാക്കിയത്, ജൂൺ മൂന്നിനും നാലിനും നടക്കുന്ന ആർ.ബി.ഐ യോഗം എന്നിവ രൂപയുടെ ഭാവിയിൽ നിർണായകമാകും.

ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉൽപാദനം കുറഞ്ഞതും തൊഴിലില്ലായ്മ നിരക്ക് ഉയർന്നതും ഇറക്കുമതി സാധനങ്ങൾക്ക് യു.എസ് നികുതി പുനഃസ്ഥാപിച്ചതും ഇന്ത്യയ്ക്കും രൂപയ്ക്കും കൂടുതൽ തിരിച്ചടിയാകും.

Lets socialize : Share via Whatsapp