ഇന്ത്യയിലെ മികച്ച പത്ത് യുവ സംരംഭകരില്‍ ഡോ. ഷംഷീര്‍ വയലില്‍ രണ്ടാമന്‍

by Business | 04-06-2019 | 763 views

മുംബൈ: ഇന്ത്യയിലെ പത്തു പ്രമുഖ യുവ സംരംഭകരുടെ പട്ടികയില്‍ യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളിയായ ഡോ. ഷംഷീര്‍ വയലില്‍ രണ്ടാമതെത്തി. പ്രമുഖ ബിസിനസ് പ്രസിദ്ധീകരണമായ ബിസിനസ് ഇന്സൈഡര്‍ ഇന്ത്യയാണ് പട്ടിക തയാറാക്കിയത്. 

മധ്യ പൂര്‍വേഷ്യയിലെ ഏറ്റവും വലിയ മരുന്ന് നിര്‍മാണ ശാലയുടെയും പ്രമുഖ ആശുപത്രി ശൃംഖല വിപിഎസ് ഹെല്‍ത്ത് കെയറിന്‍റേയും ഉടമയാണ് കോഴിക്കോട് സ്വദേശിയായ ഡോ. ഷംഷീര്‍ വയലില്‍. 

ജീവകാരുണ്യ രംഗത്ത് മുന്നില്‍ നില്‍ക്കുന്ന ബിസിനസുകാരെ ഉള്‍പ്പെടുത്തി ബാര്‍ക്ക്ളെയിസ് ഹാറൂണ്‍ തയാറാക്കിയ പട്ടികയില്‍ നേരത്തെ ഇന്ത്യയില്‍ രണ്ടാം സ്ഥാനത്ത് ആയിരുന്നു അദ്ദേഹം. ഫോബ്‌സ് മാഗസിന്‍റെ ആഗോള സമ്പന്നരുടെ പട്ടികയില്‍ 98 -ാം സ്ഥാനത്താണ് ഈ കോഴിക്കോടുകാരന്‍. പ്രളയ കാലത്ത് കേരളത്തിന് ഡോ: ഷംഷീര്‍ 50 കോടി രൂപ സഹായം നല്‍കിയിരുന്നു. 

നാല്പത്തിരണ്ടുകാരനായ ഷംഷീര്‍ വയലിന്‍റെ ആരോഗ്യ മെഡിക്കല്‍ രംഗത്തെ നിക്ഷേപങ്ങളാണ് അദ്ദേഹത്തെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് എത്തിച്ചതെന്ന് ബിസിനസ് ഇന്‍സൈഡര്‍ അവലോകനത്തില്‍ പറയുന്നു. പേടിഎം സിഇഒ വിജയ് ശേഖര്‍ ശര്‍മ്മയാണ് പട്ടികയില്‍ ഒന്നാമത്. 

ഇന്ത്യബുള്‍സ് സി ഇ ഒ സമീര്‍ ഖെലോട്ട്, പതഞ്ജലിയുടെ ഭൂരിഭാഗം ഓഹരികളും കയ്യാളുന്ന ആചാര്യ ബാലകൃഷ്ണ, മണിപ്പാല്‍ ഗ്രൂപ്പ് ഉടമ രഞ്ജന്‍ പൈ, ഒബ്രോയ്‌ റിയാലിറ്റി ഉടമ വികാസ് ഒബ്രോയ്‌, ആദിത്യ ബിര്‍ള ഗ്രൂപ്പ് തലവന്‍ കുമാര്‍ ബിര്‍ള, സോഹോ മാനുഫാക്‌ചറര്‍ ഉടമ ശ്രീധര്‍ വെമ്പു, സണ്‍ ഗ്രൂപ്പ് ഉടമ കലാനിധി മാരന്‍, എംബസി പ്രോപ്പര്‍ട്ടി ഡെവലപ്പ്‌മെന്‍റ് പാര്‍ക്ക് ഉടമ ജിതേന്ദ്ര വിര്‍വാണി എന്നിവരാണ് യഥാക്രമം മൂന്നു മുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍ ഇടം പിടിച്ചവര്‍.

Lets socialize : Share via Whatsapp