ഈദ് അവധി: ദുബായ് വിമാനത്താവളം വഴി പോകുന്നവരുടെ ശ്രദ്ധയ്ക്ക്

by Dubai | 30-05-2019 | 520 views

ദുബായ്: ഈദ് അവധി പ്രമാണിച്ച്‌ ദുബൈ വിമാനത്താവളം വഴി ഈ ആഴ്ച യാത്ര ചെയ്യുന്നത് ലക്ഷക്കണക്കിന് യാത്രക്കാര്‍. ദുബായില്‍ ജോലി ചെയ്യുന്നവര്‍ പെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി കൂട്ടത്തോടെ സ്വദേശങ്ങളിലേക്ക് മടങ്ങുന്നതാണ് ഈ വന്‍പിച്ച തിരക്കനുഭവപ്പെടാന്‍ കാരണം.

മെയ് 31 വെള്ളിയാഴ്ച മാത്രമായി എയര്‍പോര്‍ട്ടിന്‍റെ മൂന്നാം ടെര്‍മിനല്‍ വഴി 80,000 യാത്രക്കാരാണ് ദുബായ് വിട്ട് പറക്കുക. ഇത്ര വലിയ തിരക്ക് അനുഭവപ്പെടാനിരിക്കെ യാത്രക്കാരോട് വിമാനം പുറപ്പെടുന്നതിന്‍റെ 3 മണിക്കൂര്‍ മുന്‍പെങ്കിലും എയര്‍പോര്‍ട്ടില്‍ എത്തിച്ചേരണമെന്നാണ് വിമാനത്താവള അധികൃതര്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. എന്തെങ്കിലും തരത്തിലുള്ള യാത്രാ ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ പരിഹരിക്കാന്‍ വേണ്ടിയാണിത്.

വിമാനങ്ങളുടെ യാത്രാസമയം സംബന്ധിച്ച്‌ മാറ്റങ്ങള്‍ വരികയാണെങ്കില്‍ യാത്രക്കാര്‍ക്ക് ഓണ്‍ലൈനായി പരിശോധിക്കാവുന്ന സംവിധാനങ്ങളും തയ്യാറാക്കിയിട്ടുണ്ട്. തിങ്കളാഴ്ച വരെ ഇതേ തിരക്ക് അനുഭവപ്പെടുമെന്നാണ് അധികൃതര്‍ പറയുന്നത്. ജൂണ്‍ 3 ആകുമ്പോഴേയ്ക്കും 3,09,000 യാത്രക്കാര്‍ ഈ പെരുന്നാള്‍ സീസണില്‍ ദുബൈ വിമാന താവളം വഴി കടന്നു പോകുമെന്നാണ് കരുതുന്നത്.

Lets socialize : Share via Whatsapp