സൗദിയിലേക്ക് ഇന്ത്യയില്‍ നിന്ന് വനിത ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്‍റിനുള്ള സുരക്ഷ തുക പിന്‍വലിച്ചു

by General | 12-11-2017 | 352 views

റിയാദ്: സൗദിയിലേക്ക് ഇന്ത്യയില്‍ നിന്ന് വനിതാ ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യണമെങ്കില്‍ സ്പോണ്‍സര്‍ 2,500 ഡോളര്‍ ബാങ്ക് ഗ്യാരന്‍റി നല്‍കണമെന്ന നിബന്ധന കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. കേരളത്തിലെ നോര്‍ക്ക-റൂട്ട്സ്, ഒഡെപെക് ഉള്‍പ്പെടെ ആറ് സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖേന റിക്രൂട്ട് ചെയ്യുമ്പോള്‍ മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുകയെന്നും ഈ മാസം മുതല്‍ ഗ്യാരന്‍റി നല്‍കേണ്ടതില്ലെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു. വനിതാ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും സ്പോണ്‍സര്‍മാര്‍ നല്‍കുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണ് സുരക്ഷാ തുകയായി 2,500 ഡോളര്‍ എംബസിയില്‍ നല്‍കണമെന്ന നിബന്ധന ഇന്ത്യ മുന്നോട്ട് വെച്ചത്. ശമ്പളം ലഭിക്കാതെ തൊഴിലാളി മടങ്ങേണ്ടിവരുമ്പോള്‍ ഈ ഫണ്ടില്‍ നിന്ന് അവര്‍ക്ക് മുടങ്ങിയ ശമ്പളം നല്‍കാന്‍ എംബസിക്ക് അധികാരമുണ്ടായിരുന്നു. 2014 നവംബറില്‍ ഒപ്പിട്ട ഇന്ത്യ- സൗദി തൊഴില്‍ കരാറിന്‍റെ ഭാഗമായാണ് സുരക്ഷാ തുകയായി സ്പോണ്‍സര്‍ ഇന്ത്യന്‍ എംബസിയില്‍ 2,500 ഡോളര്‍ ഗ്യാരന്‍റിയായി നല്‍കണമെന്ന വ്യവസ്ഥ നിലവില്‍ വന്നത്.

എന്നാല്‍ 2,500 ഡോളര്‍ സുരക്ഷ തുകയ്ക്കെതിരെ സ്പോണ്‍സര്‍മാരില്‍ നിന്ന് കടുത്ത എതിര്‍പ്പാണ് തുടക്കം മുതലേ ഉണ്ടായിരുന്നത്. ബാങ്ക് ഗ്യാരന്‍റി എല്ലാ ജിസിസി രാജ്യങ്ങള്‍ക്കും നിര്‍ബന്ധമാക്കിയത് കാരണം ഇന്ത്യയില്‍ നിന്നുള്ള റിക്രൂട്ട്മെന്‍റ് വന്‍തോതില്‍ കുറഞ്ഞതായി ട്രാവല്‍ ഏജന്‍സികള്‍ അറിയിച്ചിരുന്നു. സൗദി ശൂറ കൗണ്‍സിലും ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു. സുരക്ഷാ തുക നിര്‍ബന്ധമാക്കിയതോടെ ചില ജിസിസി രാജ്യങ്ങള്‍ ഇന്ത്യയിലേക്കുള്ള വനിതാ ഗാര്‍ഹിത തൊഴില്‍വിസ നിര്‍ത്തിവെക്കുക വരെ ചെയ്തു. അതേസമയം ബാങ്ക് ഗ്യാരന്‍റി ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ കര്‍ശനമാക്കിയത് അനധികൃത മനുഷ്യക്കടത്ത് വര്‍ധിക്കാന്‍ കാരണമായി. ഇങ്ങനെ വഞ്ചിക്കപ്പെട്ടവരുടെ പരാതികള്‍ ഇന്ത്യന്‍ എംബസിയിലും വിദേശകാര്യമന്ത്രി സുഷമ സ്വരാജിനും നേരിട്ടെത്തിയിരുന്നു. തൊഴില്‍ കരാറും പ്രായവും അടക്കമുള്ള റിക്രൂട്ട്മെന്‍റ് വ്യവസ്ഥകളൊന്നും പാലിക്കാതെയായിരുന്നു ഈ മനുഷ്യ കടത്ത്. പിന്നീട് ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ സാമൂഹിക പ്രവര്‍ത്തകര്‍ ഇടപെട്ടാണ് അവരെ നാട്ടിലെത്തിക്കുന്നത്.

Lets socialize : Share via Whatsapp