പ്രവാസി ജീവനക്കാരന്‍റെ വാഹനത്തില്‍ മയക്കുമരുന്ന് ഒളിപ്പിച്ചുവെച്ച സംഭവം; നാല് പേര്‍ പിടിയില്‍

by General | 28-05-2019 | 425 views

റാസല്‍ഖൈമ: പ്രവാസി ജീവനക്കാരന്‍റെ വാഹനത്തില്‍ മയക്കുമരുന്ന് ഒളിപ്പിച്ചുവെച്ച സംഭവത്തില്‍ വനിതയായ തൊഴിലുടമയും ഭര്‍ത്താവും ഉള്‍പ്പടെ നാല് പേര്‍ റാസല്‍ഖൈമയില്‍ പിടിയിലായി. ജീവനക്കാരനെ അറസ്റ്റ് ചെയ്യാനും നാടുകടത്തപ്പെടാനും അത് വഴി വിസ റദ്ദാക്കാനുമായിരുന്നു ഇവരുടെ പദ്ധതി. തൊഴിലുടമയും ഭര്‍ത്താവുമല്ലാതെ അറസ്റ്റിലായ ഒരാള്‍ ഇവരുടെ ബന്ധുവുമാണ്. മയക്കുമരുന്നിന് അടിമയായ മറ്റൊരാളെ ഉപയോഗിച്ചായിരുന്നു ഇവര്‍ പ്രവാസിയെ വലയിലാക്കാന്‍ ശ്രമിച്ചത് .

അതേസമയം താന്‍ മയക്കുമരുന്ന് ഒളിപ്പിച്ചുവെന്ന് സമ്മതിച്ച പ്രധാന പ്രതി അത് സ്വബോധത്തോടെ അല്ലായിരുന്നുവെന്നും മയക്കുമരുന്നിന്‍റെ അബോധാവസ്ഥയില്‍ എന്താണ് ചെയ്തതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. പ്രതിയുടെ മൊഴി കണക്കിലെടുത്ത് തൊഴിലുടമയെയും ബന്ധുവിനെയും കുറ്റവിമുക്തരാക്കണമെന്നും ഇവരുടെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ഭര്‍ത്താവ് പ്രോസിക്യൂഷന് മുന്‍പാകെ കുറ്റം സമ്മതിച്ചതാണെന്നും ഇപ്പോല്‍ മറ്റുള്ളവരെ രക്ഷിക്കാനായി പ്രധാനപ്രതി കള്ളം പറയുകയാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. കേസില്‍ വ്യക്തത ലഭിക്കാത്തത് കൊണ്ട് വാദം കോടതി മേയ് 29-ലേക്ക് നീട്ടി .

Lets socialize : Share via Whatsapp