ഒമാനില്‍ ജൂണ്‍ 15 മുതല്‍ പ്രത്യേക നികുതി

by Business | 27-05-2019 | 660 views

ജൂണ്‍ 15 മുതല്‍ ഒമാനില്‍ പ്രത്യേക നികുതി ഏര്‍പ്പെടുത്തുന്നു, ജൂണ്‍ 15 മുതല്‍ പ്രത്യേക നികുതി ചുമത്തുമെന്ന് ഗവണ്‍മെന്‍റ് കമ്മ്യൂണിക്കേഷന്‍ വ്യക്തമാക്കി. ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുന്നതിന്‍റെ ഭാഗമായി ജി.സി.സി രാജ്യങ്ങള്‍ക്കിടയിലെ പൊതുധാരണ പ്രകാരമാണ് നികുതി നടപ്പിലാക്കുന്നത്. ഒമാനില്‍ പുകയില ഉല്‍പന്നങ്ങള്‍, മദ്യം, പന്നിയിറച്ചി, ശീതളപാനീയങ്ങള്‍, ഊര്‍ജ്ജ പാനീയങ്ങള്‍ എന്നിവയ്ക്ക് ജൂണ്‍ 15 മുതല്‍ പ്രത്യേക നികുതി ചുമത്തുമെന്ന് ഗവണ്‍മെന്‍റ് കമ്മ്യൂണിക്കേഷന്‍ സെന്‍റര്‍ അറിയിച്ചു.

എന്നാല്‍ ഇതിന് മുന്‍പായി തന്നെ സൗദി അറേബ്യയിലും യു.എ.ഇ-യിലും ബഹറൈനിലും ഖത്തറിലും പുതിയ നികുതി ഇതിനകം നിലവില്‍ വന്നിട്ടുണ്ട്. ഒമാനില്‍ പ്രത്യേക നികുതി നിയമം നടപ്പിലാക്കി കൊണ്ടുള്ള സുല്‍ത്താന്‍റെ ഉത്തരവ് മാര്‍ച്ച് പകുതിയോടെയാണ് പുറത്തിറങ്ങിയത്. ഉത്തരവ് പുറത്തിറങ്ങി 90 ദിവസത്തിന് ശേഷമാണ് നിയമം പ്രാബല്യത്തില്‍ വരുന്നത്. പുകയിലയും അനുബന്ധ ഉല്‍പന്നങ്ങളും, ഊര്‍ജ്ജ പാനീയങ്ങള്‍, മദ്യം, പന്നിയിറച്ചി എന്നിവക്ക് നൂറ് ശതമാനം വീതവും ശീതള പാനീയങ്ങള്‍ക്ക് അമ്പത് ശതമാനം വീതവുമാകും സെലക്ടീവ് നികുതി ചുമത്തുക.

ഇനി മുതല്‍ ഉത്തേജക വസ്തുക്കള്‍ അടങ്ങിയതോ മാനസികമോ ശാരീരികമോ ആയ ഉത്തേജനം പകരുന്ന പാനീയങ്ങളെല്ലാം ഊര്‍ജ്ജ പാനീയങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടും. ചില്ലറ വില്‍പന വില അടിസ്ഥാനമാക്കിയാകും പ്രത്യേക നികുതി കണക്കാക്കുക. പുകയിലക്കും മദ്യത്തിനുമുള്ള കസ്റ്റംസ് നികുതി ഇതിന് പുറമെ തുടരുകയും ചെയ്യും. പുതിയ നികുതിയുടെ നടത്തിപ്പ് സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ തയാറാക്കുകയും ചെയ്തിട്ടുണ്ട്.

Lets socialize : Share via Whatsapp