
ഷാര്‍ജ: ഷാര്‍ജ പബ്ലിക് ലൈബ്രറി ഡിജിറ്റലാകുന്നു. ഷാർജ ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ സന്ദർശനത്തിന്റെ ഭാഗമായാണ് പുതിയ നടപടികൾ. ഷാര്‍ജ ലൈബ്രറികള്‍, മ്യൂസിയങ്ങള്‍, പൈതൃക കേന്ദ്രങ്ങള്‍, എന്നീ മേഘലകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സാംസ്കാരിക വസ്തുക്കളിലെല്ലാം ഒരേ കുടക്കീഴില് കൊണ്ടുവരുന്നതാണ് ഡിജിറ്റൽ സംരംഭം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.
കൂടാതെ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും ഏത് സമയവും സാംസ്കാരിക സ്രോതസ്സുകളുടെ സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ടെന്ന് ഷാർജ പബ്ലിക് ലൈബ്രറി മാനേജർ സാറാ അൽ മർസൂഖി കൂട്ടിച്ചേർത്തു.
1952 കാലഘട്ടത്തില്‍ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ സഖര്‍ അല്‍ ഖാസിമി തന്റെ സ്വകാര്യ ശേഖരങ്ങള്‍ വെച്ച് ആരംഭിച്ച അല്‍ ഖാസിമിയ്യ ലൈബ്രറിയാണ് ഇപ്പോള്‍ ഷാര്‍ജ പബ്ലിക് ലൈബ്രറി എന്ന പേരില്‍ അറിയപ്പെടുന്നത്. വിവിധ ഭാഷകളിലായി അഞ്ച് ലക്ഷം പുസ്തകങ്ങളുള്ള ഈ ലൈബ്രറി കൾച്ചറൽ പാലസ് സ്ക്വയറിലാണ് തുറന്ന് പ്രവർത്തിക്കുന്നത്.