ജ്യൂസില്‍ ഉത്തേജക മരുന്ന് നല്‍കി പീഡിപ്പിക്കാന്‍ ശ്രമം... ദുബായില്‍ നിന്ന് പരാതിയുമായി കോഴിക്കോട് സ്വദേശിനി

by Dubai | 24-05-2019 | 384 views


ദുബായ്: ഉത്തേജക മരുന്ന് പാനീയത്തില്‍ കലര്‍ത്തി നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി യുവാവിനെതിരെ കോഴിക്കോട് സ്വദേശിനിയുടെ പരാതി. ദുബായില്‍ നിന്നു ബിസിനസ് വിപുലമാക്കാനെന്ന പേരില്‍ മലേഷ്യയിലേക്ക് വിളിപ്പിച്ച് ചതിക്കുകയായിരുന്നെന്ന് 26-കാരി പറയുന്നു. മലേഷ്യയില്‍ ചികിത്സയിലായ യുവതി ക്വാലാലംപൂര്‍ ചൗകിത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. യുവാവ് ഇന്ത്യയിലേക്ക് മുങ്ങി. നാലു വര്‍ഷമായി ദുബായില്‍ ബിസിനസ് നടത്തുകയാണ് യുവതി. ഓണ്‍ലൈനില്‍ വാച്ച് വില്‍പന നടത്തുന്ന കുടുംബ സുഹൃത്തു കൂടിയായ കോഴിക്കോട് കൊയിലാണ്ടി അവരങ്ങകത്ത് സ്വദേശിയായ 27-കാരന്‍ കച്ചവട പങ്കാളിത്തത്തിനായി പത്തു ലക്ഷം രൂപ കൈപ്പറ്റിയതായും പരാതിയിലുണ്ട്.

മലേഷ്യയില്‍ ബിസിനസ് ആരംഭിക്കാമെന്ന് പറഞ്ഞാണ് ദുബായിലെ അറിയപ്പെടുന്ന മോഡല്‍ കൂടിയായ യുവതിയെ രണ്ടാഴ്ച മുന്‍പ് സന്ദര്‍ശക വിസയില്‍ മലേഷ്യയില്‍ എത്തിച്ചത്. ഇവിടെ വച്ച് ജ്യൂസില്‍ മരുന്നു കലര്‍ത്തി നല്‍കുകയായിരുന്നത്രേ. ഹോര്‍മോണുകളെ സാരമായി ബാധിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ആശുപത്രി അധികൃതരാണ് പൊലീസില്‍ വിവരം അറിയിച്ചത്. യുവാവിന്‍റെ മുറിയില്‍ നിന്നു യുവതിക്ക് നല്‍കിയതെന്ന് സംശയിക്കുന്ന മരുന്നിന്‍റെ സാംപിള്‍ കണ്ടെത്തി.

ഇയാളുടെ ബാഗില്‍ ഈ മരുന്നുകളുടെ കുപ്പികളും പാക്കറ്റുകളും കണ്ടെത്തിയിട്ടുണ്ട്. യുവതിയുടെ ബന്ധുക്കള്‍ കോഴിക്കോട് സിറ്റി പൊലീസിലും പരാതി നല്‍കി. മലേഷ്യയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണറെയും വിവരം അറിയിച്ചു. യുവതിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടശേഷം സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ നടപടികള്‍ പുരോഗമിക്കുന്നതായി മലേഷ്യന്‍ മലയാളി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബാദുഷ അറിയിച്ചു.

Lets socialize : Share via Whatsapp