.jpg)
ദോഹ: ചികിത്സാ പിഴവിനു സ്വകാര്യ ക്ലിനിക്കും ഡോക്ടറും ചേര്‍ന്നു രോഗിക്ക് 10 ലക്ഷം റിയാല്‍ (1.90 കോടി രൂപ) നഷ്ടപരിഹാരം നല്‍കണമെന്ന് സിവില്‍ കോടതി ഉത്തരവ്. തലവേദനയും മൂക്കിന്റെ പ്രശ്നങ്ങളും മൂലം സ്വകാര്യ ക്ലിനിക്കില്‍ ചികില്‍സ തേടിയ വനിതയ്ക്കാണ് വന്‍തുക നഷ്ടപരിഹാരം ലഭിച്ചത്. വിശദ പരിശോധനകള്‍ക്ക് ശേഷം രോഗിക്ക് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍ അറിയിച്ചു.
എന്നാല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ഇവര്‍ക്ക് തലകറക്കം, അമിത ക്ഷീണം, വലതുചെവിക്കു കേഴ്വിക്കുറവ്, മുഖത്തിന്റെ വലതുവശം കോടിപ്പോകുക തുടങ്ങി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ അനുഭവപ്പെടുകയായിരുന്നു. ചികിത്സാ പിഴവ് ചൂണ്ടിക്കാട്ടി ക്ലിനിക്കിനും ഡോക്ടര്‍ക്കുമെതിരെ രോഗി ക്രിമിനല്‍ കോടതിയില്‍ കേസ് നല്കി. ക്രിമിനല്‍ കോടതി ഡോക്ടറെയും ക്ലിനിക്കിനെയും കുറ്റവിമുക്തമാക്കി.
തുടര്‍ന്നാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇവര്‍ സിവില്‍ കോടതിയില്‍ എത്തിയത്. ഡോക്ടര്‍ക്ക് അറബിക് ഭാഷ വശമില്ലാത്തതിനാല്‍ ആശയവിനിമയത്തില്‍ വന്ന അവ്യക്തതയാണു ചികില്‍സാ പിഴവിന് ഇടയാക്കിയതെന്നു ചൂണ്ടിക്കാട്ടിയാണ് സിവില്‍ കോടതി 10 ലക്ഷം റിയാല്‍ നഷ്ടപരിഹാരം വിധിച്ചത്. പ്രാദേശിക അറബിക് പത്രമാണ് ഇതു റിപ്പോര്‍ട്ട് ചെയ്തത്.