.jpg)
ജിദ്ദ: മോഷണ കേസിൽ പ്രതിയായ ആലപ്പുഴ സ്വദേശിയുടെ വലതുകൈ വെട്ടിമാറ്റാനുള്ള സൗദിയിലെ ഒരു കോടതി പുറപ്പെടുവിച്ച വിധിയിൽ മേൽ കോടതിയിൽ അപ്പീൽ സമർപ്പിച്ചു. ദക്ഷിണ സൗദിയിലെ ഖമീസ് മുഷൈത്തിലുള്ള ക്രിമിനൽ കോടതിയാണ് ആറുമാസമായി ജയിലില്‍ കഴിയുകയായിരുന്ന മലയാളിയ്ക്ക് കഴിഞ്ഞ മാസം ശരീഅത്ത് പ്രകാരമുള്ള ശിക്ഷ വിധിച്ചത്. പ്രമുഖ സാമൂഹ്യ സംഘടനയായ ഇന്ത്യൻ സോഷ്യൽ ഫോറത്തിന്റെ ശ്രമഫലമായാണ് വിധി പുനഃപരിശോധിക്കാനായി മേൽ കോടതിയെ സമീപിച്ചിരിക്കുന്നത്. ശ്രമം വിജയം നേടുമെന്ന പ്രതീക്ഷയിലും അതിനുള്ള ആശംസയിലുമാണ് സൗദിയിലെ മലയാളി സമൂഹം.
ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റും വിഷയത്തിൽ താല്പ ര്യപൂർവം രംഗത്തുണ്ട്. പ്രതിയ്ക്കു വേണ്ടി അബഹ ഡെപ്യൂട്ടി ഗവര്‍ണർക്ക് ജിദ്ദയിൽ നിന്നുള്ള കോണ്‍സുലര്‍ സംഘവും നിവേദനം നൽകിയിട്ടുണ്ട്.
പ്രതിയായ മലയാളി ജോലി ചെയ്തു വന്ന റസ്റ്റാറന്റിന്റെ ലോക്കറിൽ നിന്ന് ഒരു ലക്ഷത്തി പതിനായിരം റിയാൽ മോഷണം പോയ കേസിലാണ് ശിക്ഷ. പ്രതി അറസ്റ്റിലാവുകയും പിന്നീട് നടന്ന അന്വേഷണത്തിൽ നഷ്ടപ്പെട്ട തുക മുഴുവന്‍ ബാത്ത് റൂമില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ശരിഅത്ത് നിയമം അനുസരിച്ചുള്ള ശിക്ഷ ക്രിമിനൽ കോടതി പുറപ്പെടുവിച്ചത്. എന്നാൽ കാര്യങ്ങൾ വേണ്ട വിധം കോടതിയെ ധരിപ്പിക്കാൻ തനിക്കായില്ലെന്നാണ് പ്രതിയായ മലയാളി പറഞ്ഞു. അറബിഭാഷ വശമില്ലാത്തതിനാലും ഭയം മൂലവുമായിരുന്നു ഇതെന്നും പ്രതി സങ്കടപ്പെട്ടു.
കൈ മുറിക്കാനുള്ള വിധിയിൽ നിന്ന് രക്ഷപ്പെടുത്തണമെന്ന പ്രതിയുടെ മാതാവ് ഉൾപ്പെടെയുള്ളവരുടെ ദീനരോദനം ഉൾകൊണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യത്തിൽ പുനഃ പരിശോധനയ്ക്കായി മേൽ കോടതിയെ സമീപിച്ചതെന്ന് സോഷ്യല്‍ ഫോറം എക്സിക്യൂട്ടീവ് അംഗം സൈദ് മൗലവി പറഞ്ഞു.
സൈദ് മൗലവി ഖമീസ് മുഷൈത്ത് ക്രിമിനല്‍ കോടതിയില്‍ പോയി ജഡ്ജിയുടെ ചേംബറില്‍നിന്ന് വിധിയുടെ പകര്‍പ്പ് കൈപ്പറ്റിയപ്പോൾ റമദാന് 17-നകം അപ്പീലിന് പോവാന്‍ കോടതി അനുവദിക്കുന്നതായി കണ്ടെത്തിയിരുന്നു. തുടർന്ന് ഇക്കാര്യ ത്തിൽ നിയമവിദഗ്ധരുമായും സൗദി വക്കീൽമാരുമായും സൈദ് മൗലവി കൂടിക്കാഴ്ച നടത്തുകയും, കഴിഞ്ഞ ദിവസം അപ്പീല്‍ തയാറാക്കി ഖമീസ് മുഷൈത്തിലെ ക്രിമിനല്‍ കോടതിയി ചീഫ് ജസ്റ്റിസിന്റെ ചേമ്പറില്‍ അത് സമര്‍പ്പിക്കുകയുമാണ് ചെയ്തത്.
അതിന് മുന്നോടിയായി ജിദ്ദയിലെ ഇക്കാര്യം കോണ്‍സുലേറ്റിനെ അറിയിച്ചിരുന്നു. തുടർന്ന് വെൽഫെയർ വിഭാഗം കോണ്‍സുല്‍ ഡോക്ടര്‍ അലീമും മറ്റൊരു ഉദ്ദ്യോഗസ്ഥനായ ഫൈസലും അബഹയിലെത്തി സൈദ് മൗലവിയോടൊപ്പം ജയിലിലുള്ള യുവാവിനെ സന്ദര്‍ശിക്കുകയും ജയില്‍ മേധാവിയുമായി സംസാരിക്കുകയും ചെയ്തിരുന്നു.
പ്രതിയുടെ സുഹൃത്തുക്കളും കോണ്‍സുല്‍ വെല്‍ഫെയര്‍ ഡോക്ടര്‍ അലീമുമായി കൂടിക്കാഴ്ച നടത്തി. കോടതി വിധിയിൽ നിന്ന് നിയമാനുസൃതം രക്ഷപ്പെടുത്താനുള്ള എല്ലാ നീക്കൾക്കുമുള്ള സഹായം ജിദ്ദയിലെ ഇന്ത്യൻ കോണ്‍സുലേറ്റ് പ്രതിയുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഉറപ്പു നൽകി.