റംസാന് ശേഷം മൂന്ന് പുരോഗമന സുന്നി പണ്ഡിതരെ സൗദി തൂക്കിക്കൊല്ലുമെന്ന് റിപ്പോര്‍ട്ട്

by International | 22-05-2019 | 629 views

ജിദ്ദ: സൗദി അറേബ്യയിലെ മൂന്ന് പുരോഗമന സുന്നി പണ്ഡിതരെ ഭരണകൂടം തൂക്കിക്കൊല്ലാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. തീവ്രവാദം മുതലായ കേസുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഷെയ്ക് സല്‍മാന്‍ അല്‍ ഒദാഹ്, അവാദ് അല്‍ ഖര്‍നി, അലി അല്‍ ഒമരി എന്നിവര്‍ക്ക് വധശിക്ഷ വിധിക്കാനൊരുങ്ങുകയാണ് സൗദിയെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

സൗദി ഭരണകൂടത്തിലേയും, അറസ്റ്റില്‍ കഴിയുന്നവരുടെ ബന്ധുക്കളേയും ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ശരീഅ നിയമങ്ങളിലും, സ്വവര്‍ഗ ലൈംഗികതയിലും പുരോഗമനപരമായ നിലപാടുകളെടുത്ത സുന്നി പണ്ഡിതനാണ് ഷെയ്ക് സല്‍മാന്‍ അല്‍ ഒദാഹ്.

2017-ല്‍, ഖത്തറിന് മേല്‍ സൗദി ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മില്‍ യോജിപ്പിലെത്തണമെന്ന് ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് ഒദാഹ് അറസ്റ്റിലാവുന്നത്.

അവാദ് അല്‍ ഖുറാനി സുന്നി പ്രാസംഗികനും, എഴുത്തുകാരനും, ഗവേഷകനുമാണ്. അലി അല്‍ ഒമരി സൗദിയിലെ പ്രശസ്തനായ വാര്‍ത്താ അവതാരകനായിരുന്നു. ഇരുവരും 2017 സെപ്തംബറിലാണ് അറസ്റ്റിലായത്.

Lets socialize : Share via Whatsapp