ത്യാഗത്തിന്‍റെയും, യുദ്ധത്തിന്‍റെയും സ്മരണകള്‍ പുതുക്കി ഇന്ന് ബദ്ര്‍ ദിനം...

by International | 22-05-2019 | 768 views

ഇന്ന് റമദാന്‍ പതിനേഴ്. ലോകമെങ്ങുമുള്ള ഇസ്ലാം മത വിശ്വാസികള്‍ ബദര്‍ യുദ്ധത്തിന്‍റെ സ്മരണകളിലൂടെ കടന്ന് പോകുന്ന ദിനം. ഇരട്ടിയിലേറെ വരുന്ന എതിരാളികളെ വിശ്വാസത്തിന്‍റെ കരുത്തില്‍ അതിജയിച്ച പ്രവാചകനെയും അനുയായികളേയും ഓര്‍മപ്പെടുത്തുകയാണ് ബദര്‍.

ഇത് മദീനയിലെ മസ്ജിദു സുഖ്‌യ. ബദര്‍ യുദ്ധത്തിന് പ്രവാചകനും സംഘവും പുറപ്പെട്ടത് ഈ പള്ളിയില്‍ നമസ്‌കരിച്ചാണ്. മുഹമ്മദ് നബി പങ്കെടുത്ത ആദ്യ യുദ്ധം. മദീനയില്‍ രൂപീകരിച്ച ഭരണകൂടത്തിന് നേരെ അറബ് ഗോത്രങ്ങള്‍ മക്കയില്‍ നിന്നും ആയുധവുമായി പുറപ്പെട്ടു. മദീന പട്ടണത്തില്‍ നിന്ന് 150 കി.മീ അകലെയുള്ള യുദ്ധ ഭൂമിയില്‍ വെച്ച് ഇരു കൂട്ടരും ഏറ്റുമുട്ടി.

ഇസ്ലാമിക ചരിത്രത്തിലെ ആദ്യത്തെ സായുധ പോരാട്ടമാണ് ബദര്‍ യുദ്ധം. പ്രവാചകന്‍ മുഹമ്മദ് നബിയുടെ നേതൃത്വത്തില്‍ മദീനയിലെ മുസ്ലിങ്ങളും മക്കയിലെ ഖുറൈശികളും തമ്മില്‍ ക്രിസ്തുവര്‍ഷം 624 മാര്‍ച്ച് 13-നാണ് (ഹിജറ രണ്ടാം വര്‍ഷത്തിലെ റംസാന്‍ 17 വെള്ളിയാഴ്ച) ഈ യുദ്ധം നടന്നത്. ഇസ്ലാമിക ചരിത്രത്തില്‍ നിര്‍ണ്ണായകമായ ഈ യുദ്ധത്തില്‍ വിജയം ഇസ്ലാമിക പക്ഷത്തിനായിരുന്നു.

എഴുപത് ശത്രുക്കളെ വധിച്ചപ്പോള്‍ 14 വിശ്വാസികള്‍ രക്തസാക്ഷികളായെന്ന് ഇസ്ലാമിക ചരിത്രം. വിജയം ദൈവിക ഇടപെടല്‍ മൂലമാണെന്ന് ഇസ്ലാമികവിശ്വാസികളും മുഹമ്മദിന്‍റെ യുദ്ധതന്ത്രങ്ങളുടെ വിജയമാണെന്ന് ശത്രു വിഭാഗവും കരുതുന്നു. ഖുര്‍ആനില്‍ കൃത്യമായി പരാമര്‍ശമുള്ള ചുരുക്കം യുദ്ധങ്ങളിലൊന്നാണിത്.

അവരുടെ ഖബറുകളും യുദ്ധഭൂമിയും രക്തസാക്ഷികളുടെ പേരുകള്‍ കൊത്തി വെച്ച ഫലകവും ഇവിടെയുണ്ട്. ഏത് പ്രതിസന്ധിയേയും ആത്മവിശ്വാസം കൊണ്ട് അതിജയിക്കാനാകുമെന്ന് ഓര്‍മപ്പെടുത്തുന്നു ബദര്‍.

ആദ്യമായി ഭരണത്തിനുള്ള തുടക്കം കുറിക്കുകയായിരുന്നു ബദറിലെ വിജയത്തിലൂടെ പ്രവാചകരും സംഘവും. ഏത് പ്രതിസന്ധിയേയും ആത്മവിശ്വാസം കൊണ്ട് അതിജയിക്കാനാകുമെന്ന് ഓര്‍മപ്പെടുത്തുന്നു ബദര്‍.

Lets socialize : Share via Whatsapp