റാസ് അല്‍ ഖൈമയില്‍ കനത്ത മഴ

by General | 20-05-2019 | 362 views

റാസ് അല്‍ ഖൈമ: റാസ് അല്‍ ഖൈമയില്‍ ശക്തമായ മഴ പെയ്തു. വെള്ളിയാഴ്ച ആരംഭിച്ച്‌ ശനി വൈകിട്ട് വരെ ഇടവിട്ട് മഴ പെയ്തു. റോഡുകളില്‍ മഴവെള്ളം തളം കെട്ടി നിന്നതിനാല്‍ ഗതാഗത തടസ്സമുണ്ടായി. എന്നാല്‍, വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തടാകങ്ങള്‍ നിറഞ്ഞൊഴുകിയതാണ് റോഡുകളില്‍ വെള്ളപ്പൊക്കമുണ്ടാകാന്‍ കാരണമായത്. പിന്നീട് ജീവനക്കാര്‍ മഴവെള്ളം റോഡുകളില്‍ നിന്ന് ഒഴിവാക്കി.

തടാകങ്ങള്‍ക്കും മലനിരകള്‍ക്കുമരികില്‍ നിന്ന് വാഹനങ്ങള്‍ ഒഴിവാക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. മഴവെള്ളം കെട്ടിനില്‍ക്കുന്ന റോഡുകളിലൂടെയുള്ള സഞ്ചാരം ഒഴിവാക്കാനും അധികൃതര്‍ ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. രാജ്യത്ത് പൊടിക്കാറ്റിനും സാധ്യതയുള്ളതിനാല്‍ ദൂരക്കാഴ്ച 2,000 മീറ്ററില്‍ താഴെ കുറഞ്ഞേക്കും. റാസല്‍ഖൈമയെ കൂടാതെ ഷാര്‍ജയുടെയും ഫുജൈറയുടെയും വിവിധ ഭാഗങ്ങളിലും മഴ പെയ്തു.

ഇന്ന് രാജ്യത്ത് മഴക്ക് സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ഇന്നും പലയിടത്തും മഴ പെയ്‌തേക്കുമെന്നും അറിയിച്ചിട്ടുണ്ട്. ജബല്‍ ജെയ്‌സില്‍ രേഖപ്പെടുത്തിയ 18.7 ഡിഗ്രി സെല്‍ഷ്യസാണ് രാജ്യത്തെ ഇന്നത്തെ ഏറ്റവും കുറഞ്ഞ താപനില. മര്‍ബഹ് മലനിരകളില്‍ 20.2 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി.

Lets socialize : Share via Whatsapp