.jpg)
ദുബായ്: യുഎഇ-യിലെ പ്രമുഖ മലയാളം ടിവി ചാനല്‍ പൂട്ടിയതിന് പിന്നാലെ ചാനല്‍ ഉടമ രാജ്യം വിട്ടു. ഇന്ത്യക്കാരനായ ഉടമയും ഫിനാന്‍സ് വിഭാഗം തലവനുമായ ആളാണ് യുഎഇ-യില്‍ നിന്ന് ഒളിച്ചോടിയിരിക്കുന്നത്. ഇതോടെ മാസങ്ങളായി ശമ്പളം ലഭിക്കാത്ത ജീവനക്കാര്‍ എന്തു ചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടിലായി.
ഗള്‍ഫ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സാമ്പത്തിക നഷ്ടത്തിലായതോടെയാണ് ചാനലിന്റെ പ്രവര്‍ത്തനം മാസങ്ങളായി പ്രതിസന്ധിയിലായത്. മാസങ്ങളായി ശമ്പളം ലഭിക്കുന്നില്ലെങ്കിലും 12-ഓളം വരുന്ന ജീവനക്കാര്‍ ജോലി ചെയ്തുവരവെയാണ് ചാനല്‍ പൂട്ടിയത്.
2018 ഡിസംബര്‍ രണ്ടിന് ജുമേറയിലുള്ള ചാനല്‍ ഓഫീസ് പൂട്ടിയെങ്കിലും സംപ്രേക്ഷണം തുടര്‍ന്നുവരവെയാണ് ഉടമ രാജ്യം വിട്ടത്. ഓഫീസ് പൂട്ടിയെങ്കിലും പഴയ പരിപാടികള്‍ വീണ്ടും ടെലികാസ്റ്റ് ചെയ്താണ് ചാനല്‍ മുന്നോട്ടുപോയിരുന്നത്. എന്നാല്‍ എത്തിസലാത്തുമായുള്ള കരാര്‍ ഈ മാസത്തോടെ അവസാനിക്കുന്നതിനാലാണ് ചാനല്‍ സംപ്രേക്ഷണം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതമായത്.
ജീവനക്കാരുടെ ഫിംഗര്‍പ്രിന്റ് ഡോര്‍ അക്സസ് സംവിധാനം മാര്‍ച്ചോടെ പ്രവര്‍ത്തനരഹിതമായിരുന്നു. രണ്ടുവര്‍ഷം മുമ്പാണ് ചാനല്‍ ഡി പ്രവര്‍ത്തിച്ചു തുടങ്ങിയത്. ദിവസേന രണ്ടു ലൈവ് ഷോയുമായി തുടങ്ങിയ ചാനലിന് മലയാളി പ്രേക്ഷകര്‍ക്ക് ഇടയില്‍ സ്വീകാര്യത ഉണ്ടായിരുന്നു.