.jpg)
ഷാര്‍ജ: ചരക്കു കപ്പലില്‍ തീപിടിത്തം. ഖാലിദ് തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ചരക്കു കപ്പലില്‍ ഇന്ന് രാവിലെ 6.44-നാണ് തീപിടിത്തമുണ്ടായത്. ജീവനക്കാരായ 13 ഇന്ത്യക്കാരെ അഗ്നിശമന സേന രക്ഷപ്പെടുത്തി. ഷാര്‍ജയില്‍ നിന്നും ഇതര എമിറേറ്റുകളില്‍ നിന്നും ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് വിഭാഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തൊട്ടടുത്ത് മറ്റു കപ്പലുകളും ബോട്ടുകളും ഉണ്ടായിരുന്നു.
ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. രക്ഷപ്പെട്ട ഇന്ത്യക്കാരെക്കുറിച്ചുള്ള കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല. മലയാളികളാരുമില്ലെന്നാണ് റിപ്പോര്‍ട്ട്. ഇറാനിലേയ്ക്കും ആഫ്രിക്കന്‍ രാജ്യങ്ങളിലേയ്ക്കുമുള്ള 6,000 ഗാലന് ഡീസല്‍, 120 വാഹനങ്ങള്‍, 300 ടയറുകള്‍ തുടങ്ങിയവ കയറ്റിയ കപ്പലിനാണ് തീ പിടിച്ചതെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് വക്താവ് മേജര്‍ ഹാനി അല്‍ നഖ് ബി അറിയിച്ചു.