മക്കയില്‍ അതീവസുരക്ഷ ശക്തമാക്കി സൗദി

by International | 09-05-2019 | 599 views

മക്ക: മക്കയില്‍ അതീവസുരക്ഷ ശക്തമാക്കി സൗദി മന്ത്രാലയം. റമദാന്‍ മാസത്തില്‍ ഗ്രാന്‍ഡ് മോസ്‌കിലെത്തുന്ന ഉംറ തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും എണ്ണം വര്‍ധിച്ചതോടെ മക്കയില്‍ സുരക്ഷ ശക്തമാക്കി. വ്യോമ മാര്‍ഗവും കണ്‍ട്രോള്‍ റൂം വഴിയും 24 മണിക്കൂറും നിരീക്ഷിക്കും. തിരക്ക് നിയന്ത്രിക്കാന്‍ 5 വിഭാഗങ്ങളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. മേജര്‍ ജനറല്‍ സഈദ് അല്‍ഖര്‍നി കമാന്‍ഡറായ ഹറം സുരക്ഷാ കമാന്‍ഡിനു കീഴിലാണ് വകുപ്പുകള്‍ പ്രവര്‍ത്തിക്കുക.

വ്യോമ സുരക്ഷാ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ ഹെലികോപ്റ്റര്‍ മക്കയ്ക്ക് ചുറ്റും നിരീക്ഷണം തുടങ്ങിക്കഴിഞ്ഞു. വിശുദ്ധ ഹറമും സമീപപ്രദേശങ്ങളും ഹറമിലേക്കുള്ള റോഡുകളും മക്കയിലേക്കുള്ള എക്സ്പ്രസ് വേ-കളുമാണ് നിരീക്ഷിക്കുന്നത്. മക്ക, മദീന പ്രവിശ്യകളിലെ വ്യോമ സുരക്ഷാ താവളങ്ങളില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുകയും നവീന സാങ്കേതിക സൗകര്യങ്ങള്‍ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്.

മക്കയില്‍ കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്ന തെക്കുഭാഗത്തിന്‍റെ (അജ്യാദ് റോഡ്, രീഅ് ബഖ്ശ്, അജ്യാദ് അല്‍ അസീസീയ, അല്‍ മിസാല്‍ സ്ട്രീറ്റ്, ഇബ്രാഹിം അല്‍ ഖലീല്‍ സ്ട്രീറ്റ്) സുരക്ഷാ ചുമതല ദൗത്യസേന ഏറ്റെടുത്തു.

Lets socialize : Share via Whatsapp