.jpg)
ദമാം: സൗദിയില്‍ തടവുകാര്‍ക്ക് സാമൂഹ്യ സേവന രംഗത്ത് ജോലി ചെയ്യാന്‍ അവസരമൊരുക്കുന്നു. ചെറിയ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെടുന്നവരെ മുഴുവന്‍ സമയവും ജയിലില്‍ അടയ്ക്കുന്നതിന് പകരം സാമൂഹിക സേവനങ്ങള്‍ക്കും മറ്റും നിയോഗിക്കുന്ന ബദല്‍ ശിക്ഷാ രീതി ആരംഭിക്കാന്‍ സൗദി നീതിന്യായ വിഭാഗമാണ് ആലോചിക്കുന്നത്.
ഇങ്ങനെ പുറത്തു വിടുന്ന തടവുകാരെ നിരീക്ഷിക്കുന്നതിന് ഇലക്ട്രോണിക്സ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വള ധരിപ്പിക്കും. ഇതിലൂടെ 24 മണിക്കൂറും ബദല്‍ ശിക്ഷ നല്കുന്ന പ്രതികളെ നിരീക്ഷിക്കാന്‍ സാധിക്കുമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.
ഇതു സംബന്ധിച്ച കരട് നിര്‍ദ്ദേശം ക്യാബിനറ്റിന്റെ വിദഗ്ധ സമിതി പരിശോധിച്ച് വരികയാണ്.അവധി ദിനങ്ങളിലും മറ്റു വിശേഷ ദിവസങ്ങളിലും തടവുകാരെ വീടുകളിലേക്ക് പരോളില്‍ വിടാനും ബദല്‍ ശിക്ഷാ രീതി സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
സാമ്പത്തിക കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെടുന്നവര്ക്കായിരിക്കും ബദല്‍ ശിക്ഷാരീതിയുടെ പ്രയോജനം ലഭിക്കുക. പുതിയ നീക്കത്തെ വിവിധ മന്ത്രാലയങ്ങളും പിന്തുണച്ചിട്ടുണ്ട്.