തൊഴില്‍ വിസയിലേക്ക് മാറൂ... ഇല്ലെങ്കില്‍ യുഎഇ - യില്‍ നിന്ന് പുറത്ത്

by General | 02-05-2019 | 415 views

ദുബായ്: പൊതുമാപ്പ് വേളയില്‍ തൊഴില്‍ തേടാന്‍ നല്‍കിയ 6 മാസ വിസയുടെ കാലാവധി തീരുംമുന്‍പ് തൊഴില്‍ വിസയിലേക്ക് മാറുകയോ രാജ്യം വിടുകയോ വേണമെന്ന് അധികൃതര്‍. സ്‌പോണ്‍സര്‍ ഇല്ലാതെ നല്‍കിയ താല്‍ക്കാലിക വിസ തൊഴില്‍ തേടാന്‍ ഉപാധികളോടെ നല്‍കിയതാണ്. ഈ കാലയളവില്‍ രാജ്യം വിടുന്നവര്‍ക്ക് വിസാ കാലാവധി ഉണ്ടെങ്കിലും തിരിച്ചു വരാനാകില്ലെന്നും വ്യക്തമാക്കിയിരുന്നു.

സാധാരണ വിസയ്ക്കുള്ള ഇളവുകള്‍ ഇതിനുണ്ടാകില്ലെന്ന് ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്‍റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് വ്യക്തമാക്കി. 6 മാസ വിസയില്‍ ഉള്ളവര്‍ പുതിയ സ്‌പോണ്‍സറെ കണ്ടെത്തണം. രാജ്യം വിടേണ്ടി വരുന്നവര്‍ തിരിച്ചു വരുന്നത് പുതിയ വിസയിലാകണം. 2018 ഓഗസ്റ്റ് ഒന്നിന് മുന്‍പ് രാജ്യത്തെ താമസകുടിയേറ്റ നിയമം ലംഘിച്ചവര്‍ക്കാണ് തൊഴിലന്വേഷിക്കാന്‍ വിസ നല്‍കിയതെന്ന് വിദേശകാര്യ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മേജര്‍ സഈദ് റാകാന്‍ അല്‍ റാഷിദി പറഞ്ഞു. നിയമലംഘകര്‍ക്ക് തൊഴിലന്വേഷണത്തിന് അവസരമൊരുക്കാനാണ് താല്‍ക്കാലിക വിസ നല്‍കിയത്. തൊഴില്‍ വിസയിലേക്ക് മാറാതെ ഇവര്‍ തൊഴിലെടുക്കുന്നതിനും വിലക്കുണ്ട്. ചട്ടങ്ങള്‍ പാലിക്കാതെ തൊഴില്‍ നല്‍കുന്നവര്‍ക്ക് അരലക്ഷം ദിര്‍ഹം പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്.

'വിസ നിയമാനുസൃതമാക്കി സുരക്ഷിതനാകുക' എന്ന ക്യാംപെയ്‌ന്‍റെ ഭാഗമായാണ് താല്‍ക്കാലിക വിസ നല്‍കിയത്. 2018 ഓഗസ്റ്റില്‍ വിസ ലഭിച്ച ഒരാള്‍ക്ക് 2019 ഫെബ്രുവരിയില്‍ വിസാ കാലാവധി അവസാനിക്കും. ഇതുപ്രകാരം, പൊതുമാപ്പ് അവസാനിച്ച ഡിസംബറില്‍ വിസ ലഭിച്ചവരുടെ കാലാവധി ജൂണില്‍ തീരും. വിസാ കാലയളവില്‍ താമസം നിയമാനുസൃതമാക്കാന്‍ കഴിയാത്തവര്‍ രാജ്യം വിടണം. കാലാവധി കഴിഞ്ഞിട്ടും തുടര്‍ന്നാല്‍ ആദ്യ ദിവസത്തിന് 100 ദിര്‍ഹം പിഴ ചുമത്തും. തുടര്‍ന്ന് അനധികൃതമായി താമസിച്ച ഓരോ ദിവസത്തിനും 25 ദിര്‍ഹം വീതം ഈടാക്കും.

Lets socialize : Share via Whatsapp