.jpg)
റിയാദ്: മഴ നനഞ്ഞ് റിയാദ് കുതിര്‍ന്നപ്പോള്‍ നഗരത്തിനടുത്തുളള വാദി ഹനീഫ താഴ്വാരം കാണാന്‍ സന്ദര്‍ശകരുടെ തിരക്ക്. കഴിഞ്ഞ ദിവസം റിയാദിലാകെ പെയ്ത മഴയില്‍ വാദി ഹനീഫ നിറഞ്ഞൊഴുകിയിരുന്നു. പുഴ പോലെ വാദി ഒഴുകിയപ്പോള്‍ മനംകുളിരുന്ന കാഴ്ചകാണാന്‍ നഗരത്തില്‍ നിന്ന് സന്ദര്‍ശകരും വാദിയിലേക്ക് ഒഴുകി. സ്വദേശികളും വിദേശികളും കുടുംബത്തോടൊപ്പമാണ് അവധി ദിനം ചെലവഴിക്കാന്‍ ഇവിടേക്കെത്തുന്നത്.
നാട്ടില്‍ നിന്ന് സന്ദര്‍ശക വിസയില്‍ റിയാദിലെത്തിയവര്ക്ക് മനം കുളിരുന്ന അനുഭവമാണ് വാദി ഹനീഫ താഴ്വാരം നല്‍കുന്നത്. സന്ദര്‍ശകരുടെ സുരക്ഷയ്ക്കും സേവനത്തിനുമായി പ്രത്യേക പൊലീസ് സംഘം വാദിയിലുണ്ട്. പ്രധാനമായും ആറ് പാര്‍ക്കുകളാണ് വാദി ഹനീഫയില്‍ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. പതിനായിരം ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള തടാകവും അതിന് ചുറ്റുമുള്ള പ്രദേശവുമാണ് സന്ദര്‍ശകരെ ഏറെ ആകര്‍ഷിക്കുന്നത്.
1970-കളില്‍ നഗര വികസനത്തോടൊപ്പം വാദിയില്‍ മാലിന്യം കുമിഞ്ഞു കൂടി. തുടര്‍ന്ന് ഈ പ്രദേശത്തിന്റെ പുനരുദ്ധാരണത്തിനായി 100 ദശലക്ഷം ഡോളര്‍ ചെലവേറിയ പദ്ധതിക്ക് അധികൃതര്‍ രൂപം നല്കി. 2010-ല്‍ മികച്ച രൂപകല്പനയ്ക്കുള്ള ആഗാഖാന്‍ രാജ്യാന്തര പുരസ്കാരം നേടിയതോടെയാണ് വാദി ഹനീഫ ഏറെ ജനശ്രദ്ധ നേടിയത്. അറബ് പൈതൃകം ചോര്‍ന്ന് പോകാതെ പ്രകൃതിയോടിണങ്ങിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടത്തിയിട്ടുള്ളത്. ശക്തമായ മഴയോ കാറ്റോ ഉള്ള സമയങ്ങളില്‍ വാദിയിലേക്ക് പ്രവേശിക്കരുതെന്ന് സിവില്‍ ഡിഫന്‍സ് മൊബൈല്‍ സന്ദേശം വഴിയും വെബ്സൈറ്റ് വഴിയും പൊതു ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കാറുണ്ട്.