.jpg)
റാസല്‍ഖൈമ: ഇടിമിന്നലോടെ കനത്ത മഴ വര്‍ഷിച്ച് പ്രകൃതി താണ്ഡവമാടുന്നു. റോഡുകളില്‍ വെള്ളം നിറഞ്ഞു മടക്കയാത്ര അസാധ്യമായി. ഫോണ്‍ വിളിച്ച് കിട്ടുന്നില്ല. റാസല്‍ഖൈമയുടെ വിനോദ കേന്ദ്രമായ ജബല്‍ ജെയ് സ് മലയ്ക്ക് മുകളില്‍ 400 പേരോളമാണ് ശനിയാഴ്ച കുടുങ്ങിയത്. ഇവരെല്ലാം മുന്നൂറോളം കാറുകളിലായിരുന്നു ഇവിടെ എത്തിയത്. ഒടുവില്‍ 15 മണിക്കൂറുകളുടെ അനിശ്ചിതാവസ്ഥയ്ക്ക് ശേഷം പുലര്‍ച്ചയോടെ റാക് പൊലീസ് ഹെലികോപ്റ്ററില്‍ എല്ലാവരെയും മലമുകളില്‍ നിന്ന് രക്ഷിക്കുകയായിരുന്നു.
അവധി ദിനമായ ഇന്നലെ ഉച്ചയോടെയാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്നവരില് ഭൂരിഭാഗവും പ്രകൃതി രമണീയമായ ജബല്‍ ജെയ്സിലെത്തിയത്. അവിടെ തന്നെ ഭക്ഷണവും കഴിച്ച് രാത്രിയോടെ മടങ്ങാനായിരുന്നു മിക്കവരുടെയും ഉദ്ദേശ്യം. ഇതിനിടെ ഉച്ച കഴിഞ്ഞയുടന്‍ മഴ പെയ്യുകയായിരുന്നു. ഒരേ സമയം 20 പേരെ ഉള്‍ക്കൊള്ളാവുന്ന ഭീമന് ഹെലികോപ്റ്ററായിരുന്നു രക്ഷാ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചത്. ശക്തമായ മഴ വകവയ്ക്കാതെയായിരുന്നു റാക് പൊലീസിന്റെ രക്ഷാപ്രവര്‍ത്തനം.
സമുദ്രനിരപ്പില്‍ നിന്ന് 1,680 മീറ്റര്‍ ഉയരമുള്ള ജബല്‍ ജെയ്സിലെ ശീതകാലത്തെ താപനില മൈനസ് -2 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാറുണ്ട്. ഈ സമയത്താണ് കൂടുതല്‍ സന്ദര്‍ശകര്‍ ഇവിടെയെത്താറ്. ഇന്ത്യയില്‍ നിന്നടക്കമുള്ള വിനോദ സഞ്ചാരികള്‍ക്ക് ഇവിടുത്തെ സന്ദര്‍ശനം ഒഴിവാക്കാനാകാത്തതാണ്. മഴയെ തുടര്‍ന്ന് റാസല്‍ഖൈമയിലെ വിവിധ ഭാഗങ്ങളില്‍ പൊലീസ് സേവന സജ്ജരായി. ഉള്‍പ്രദേശങ്ങളിലായി 77 ട്രാഫിക് ആന്‍ഡ് സേഫ്റ്റി പട്രോളുകള്‍ നടത്തി. ഡ്രൈവര്‍മാര്‍ക്ക് അതീവ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. അടിയന്തര ഘട്ടങ്ങളില്‍ 999, 901 എന്നീ ടോള്‍ഫ്രീ നമ്പരുകളിലാണ് റാക് പൊലീസിനെ ബന്ധപ്പെടേണ്ടത്.