മലയാളിയെ വീണ്ടും ഞെട്ടിച്ച്‌ 'അക്ഷരങ്ങളുടെ സുല്‍ത്താന്‍'

by Sharjah | 02-11-2017 | 526 views

ഷാര്‍ജ: മലയാളിയെ വീണ്ടും ഞെട്ടിച്ചുകൊണ്ട് ഷാര്‍ജ സുല്‍ത്താന്‍. കേരള സന്ദര്‍ശനത്തിന് ശേഷം മലയാളികളോടുള്ള സ്നേഹം ഷാര്‍ജ സുല്‍ത്താന് അല്‍പം വര്‍ദ്ധിച്ചുവെന്ന് തന്നെ പറയാം. പോറ്റമ്മയായ നാടിന്‍റെ ഭരണാധികാരി തങ്ങളോട് കാണിക്കുന്ന സ്നേഹത്തിന് പകരം എന്ത് നല്‍കും എന്ന് ആലോചിച്ച്‌ നില്‍ക്കവെയാണ് സുല്‍ത്താന്‍ വീണ്ടും മലയാളിയെ ഞെട്ടിച്ചത്. ഷാര്‍ജയില്‍ നടക്കുന്ന അന്താരാഷ്ട്ര പുസ്തക മേളയില്‍ തന്‍റെ കേരള സന്ദര്‍ശനത്തിനെ കുറിച്ച്‌ ഒരു മലയാളി രചിച്ച പുസ്തകം പ്രകാശനം ചെയ്യാന്‍ അദ്ദേഹം നേരിട്ടെത്തിയതാണ് മലയാളികള്‍ക്ക് അത്ഭുതം തോന്നിയത്.

കൈരളി മാനേജിംങ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ് രചിച്ച 'അക്ഷരങ്ങളുടെ സുല്‍ത്താന്‍' എന്ന പുസ്തകം കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനും, സിനിമ സംവിധായകനുമായ കമലിന് നല്‍കിയാണ് യുഎഇ സുപ്രീം കൌണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്. ഇതാദ്യമായാണ് ഷാര്‍ജ ഭരണാധികാരി അദ്ദേഹം രചന നിര്‍വഹിച്ചിട്ടില്ലാത്ത ഒരു പുസ്തക പ്രകാശന ചടങ്ങിന് നേരിട്ടെത്തുന്നത്. കേരള സന്ദര്‍ശനത്തിനിടെ ജോണ്‍ ബ്രിട്ടാസ് സുല്‍ത്താനുമായി അഭിമുഖം നടത്തിയിരുന്നു. അക്ഷരങ്ങളെയും വായനയും ഏറെ സ്നേഹിക്കുന്ന ഷെയ്ഖ് ഡോക്ടര്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി തന്‍റെ ജീവിത വീക്ഷണം പങ്ക് വെക്കുന്ന അഭിമുഖമാണ് പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നത്.

Lets socialize : Share via Whatsapp