ഷാര്‍ജയില്‍ ഡെസേര്‍ട് സഫാരിക്കെത്തിയ വിനോദ സഞ്ചാരി വാഹനാപകടത്തില്‍ മരിച്ചു

by Sharjah | 08-04-2019 | 835 views

ഷാര്‍ജ: ഡെസേര്‍ട് സഫാരിക്ക് എത്തിയ വിനോദ സഞ്ചാരി വാഹനാപകടത്തില്‍ മരിച്ചു. ഷാര്‍ജ അല്‍ ഫയാഹില്‍ ഡെസേര്‍ട് സഫാരിക്കായി എത്തിയ ഫോര്‍ വീല്‍ വാഹനം പലതവണ തലകീഴായി മറിയുകയായിരുന്നു. 27-കാരനായ സുഡാനിയാണ് മരിച്ചത്. ഇയാളോടൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. സഫാരി അവസാനിപ്പിച്ചു മടങ്ങും വഴിയാണ് വാഹനം അപകടത്തില്‍പെട്ടത്. ഡ്രൈവര്‍ക്ക് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. അപകടം സംഭവിച്ച ഉടനെ നാല് പേരെയും അല്‍ ദൈദ് ഹോസ്പിറ്റലിലേക്ക് എത്തിച്ചെങ്കിലും 27-കാരന്‍റെ മരണം സംഭവിക്കുകയായിരുന്നു. മറ്റുള്ളവരുടെ നില ഗുരുതരമാണ്.

അമിത വേഗതയാണ് അപകടത്തിന് കാരണം. അശ്രദ്ധയോടെ അമിത വേഗതയില്‍ വാഹനമോടിക്കുന്നത് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തും. പോലീസ് വിവിധയിടങ്ങളില്‍ മൊബൈല്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. നിരീക്ഷണ ക്യാമറകളും പട്രോള്‍ സംഘങ്ങളും സുഗമവും സുരക്ഷിതവുമായ ഗതാഗത സംസ്‌കാരം ഉറപ്പ് വരുത്തുമെന്ന് പോലീസ് അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരിയില്‍, അമിത വേഗതയിലായിരുന്ന വാഹനം പലതവണ മറിഞ്ഞു ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ മരണപ്പെട്ടിരുന്നു. ഇവരോടൊപ്പമുണ്ടായിരുന്ന മറ്റ് അഞ്ച് പേര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. രണ്ട് കുട്ടികള്‍ ഉള്‍പെടുന്ന സംഘം ഒരേ കുടുംബത്തിലുള്ളവരായിരുന്നു. യു എ ഇ-യില്‍ കുടുംബാംഗങ്ങളുമൊന്നിച്ച്‌ സംഗമിക്കുന്നതിനാണ് സംഘം എത്തിയതെന്ന് പോലീസ് പറഞ്ഞു.

Lets socialize : Share via Whatsapp