മൂന്നാം സ്ഥാനത്തുനിന്ന് കുതിച്ചെത്തിയ 'തണ്ടര്‍ സ്നോ' ദുബായ് വേള്‍ഡ് കപ്പില്‍ മുത്തമിട്ടു

by Sports | 01-04-2019 | 2584 views

ഇഞ്ചോടിഞ്ച് നീണ്ട പോരാട്ടത്തിനൊടുവില്‍ അവസാന സെക്കന്‍ഡുകളില്‍ മൂന്നാം സ്ഥാനത്തുനിന്ന് കുതിച്ചെത്തിയ തണ്ടര്‍ സ്നോ ദുബായ് വേള്‍ഡ് കപ്പില്‍ മുത്തമിട്ടു. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ദുബായിയുടെ സ്വന്തം ഗൊഡോള്‍ഫിന്‍ ടീമിലെ തണ്ടര്‍ സ്നോ ഈയിനത്തില്‍ ജേതാവാകുന്നത്. 1.2 കോടി അമേരിക്കന്‍ ഡോളറിന്‍റെ സമ്മാനമാണ് തണ്ടര്‍ സ്നോ ആ കുതിപ്പിലൂടെ സ്വന്തമാക്കിയത്. ദുബായ് വേള്‍ഡ് കപ്പിന്‍റെ 24 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു കുതിര തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഈ കിരീടം സ്വന്തമാക്കുന്നത്.

യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്‍റെ സ്വന്തമായ ഗൊഡോള്‍ഫിന്‍ ടീമും തണ്ടര്‍ സ്നോയും ഇതോടെ ദുബായിയുടെ അഭിമാനങ്ങളായി. ഏറെ ആവേശത്തോടെയാണ് തണ്ടര്‍ സ്നോ കുതിച്ചെത്തുന്നത് ഷെയ്ഖ് മുഹമ്മദും ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാനും മറ്റ് രാജകുടുംബാംഗങ്ങളുമെല്ലാം നോക്കിക്കണ്ടത്. തങ്ങളുടെ കുതിര ജേതാവായത് കണ്ടതോടെ പരസ്പരം ചുംബിച്ച്‌ അവര്‍ സന്തോഷം പങ്കുവെച്ചു.

കഴിഞ്ഞ വര്‍ഷത്തെ നേട്ടം ആവര്‍ത്തിക്കാനായതിലെ സന്തോഷം മെയ്ദാനിലെ ഗ്രാന്‍ഡ് സ്റ്റാന്‍ഡില്‍ കണ്ണിമ ചിമ്മാതെ നോക്കി നിന്ന ആയിരങ്ങളും പങ്കുവെച്ചു. വന്‍ ഹര്‍ഷാരവത്തോടെയാണ് അവര്‍ തണ്ടര്‍ സ്നോയുടെ പരിശീലകനെയും ജോക്കിയെയും വിജയപീഠത്തിലേക്ക് സ്വീകരിച്ചത്.

മഴയും പൊടിക്കാറ്റുമെല്ലാം മാറി നിന്ന സായാഹ്നത്തില്‍ വിവിധ വേഷക്കാരായ ദമ്പതിമാര്‍ക്കും മികച്ച തൊപ്പി ധരിച്ചവര്‍ക്കും നന്നായി വസ്ത്രധാരണം ചെയ്തവര്‍ക്കുമെല്ലാമായി മത്സരങ്ങളുണ്ടായിരുന്നു. നൂറു കണക്കിനാളുകളാണ് ഇതിനായി മത്സരിച്ചെത്തിയത്. മത്സരശേഷം മികച്ച വെടിക്കെട്ടും സംഗീത പരിപാടികളും അരങ്ങേറി.

Lets socialize : Share via Whatsapp