
ദുബായ് : തൊഴില്‍ തര്‍ക്കങ്ങള്‍ മികച്ച രീതിയില്‍ 10 ദിവസങ്ങള്‍ കൊണ്ട് ഒത്ത് തീര്‍ക്കുന്നതിന് ആറു സംഘങ്ങള്‍ക്ക് രൂപം നല്‍കിയതായി മാനവ വിഭവ ശേഷി മന്ത്രാലയത്തിലെ തൊഴിലാളി വിഭാഗം ഡയരക്ടര്‍ മുഹമ്മദ് അഹമ്മദ് മുബാറക് അല്‍ ഹമ്മദി പറഞ്ഞു.
തൊഴിലാളികള്‍ നല്കിയ പരാതികളെ മാനിച്ച് സൗമ്യമായ പരിഹാര ശ്രമമാണ് ആദ്യം നടത്തുക. തര്ക്കത്തോടനുബന്ധിത വ്യക്തികള്‍ക്ക് സമാധാനപരമായ അന്തരീക്ഷത്തിലിരുന്ന് ചര്‍ച്ച ചെയ്യാനുള്ള സൗകര്യത്തിനായി, ദുബായ് കോടതിയുടെ നിര്ദ്ദേശങ്ങല്ക്കനുസൃതമായ ‘ഗ്രീന്‍ റൂം’ ആണ് പദ്ധതികളിലൊന്ന്.
തൊഴിലാളികള്‍ക്ക് അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നല്കുന്നതിനായുള്ള നിയമോപദേശ സംവിധാനമാണ് അടുത്ത പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.
സഞ്ചരിക്കുന്ന കോടതികളാണ് തര്‍ക്കങ്ങളെ സുതാര്യതയോടെ തീര്‍ക്കാനുള്ള സുപ്രധാന പദ്ധതികളിലൊന്ന്. ഇതില്‍ മന്ത്രാലയത്തിലെ തൊഴില്‍ ഇന്‍സ്പെക്ടര്‍മാരും ദുബായ് കോടതിയിലെ വിദഗ്ദ്ധരും ഉണ്ടാകും.