യുഎഇ - യില്‍ അപ്രതീക്ഷിത കാലാവസ്ഥാ മാറ്റം: ജനങ്ങള്‍ ദുരിതത്തില്‍

by General | 27-03-2019 | 406 views

അബുദാബി: യു.എ.ഇ-യിലെ കാലാവസ്ഥയില്‍ വന്‍ മാറ്റം. അപ്രതീക്ഷിതമായി ഉണ്ടായ പൊടിക്കാറ്റും മഴയും ജനങ്ങളെ ദുരിതത്തിലാക്കി. യു.എ.ഇ-യുടെ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റ് ശക്തിപ്പെട്ടു. പ്രദേശത്ത് പകല്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. അടുത്ത രണ്ടു ദിവസങ്ങള്‍ കൂടി പ്രതികൂല കാലാവസ്ഥ തുടര്‍ന്നേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം വ്യക്തമാക്കി.

മിക്ക എമിറേറ്റുകളിലും സാമാന്യം നല്ല പൊടിക്കാറ്റാണ് അനുഭവപ്പെട്ടത്. ദൃശ്യപരിധി ഗണ്യമായി കുറഞ്ഞതോടെ വാഹനം ഓടിക്കുന്നവര്‍ പ്രയാസപ്പെട്ടു.

വാഹനം തമ്മില്‍ മതിയായ അകലം സൂക്ഷിച്ചു വേണം ഓടിക്കാനെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ഉള്‍പ്രദേശങ്ങളില്‍ പൊടിക്കാറ്റ് കൂടുതല്‍ ശക്തമാണ്. കാറ്റിനെ തുടര്‍ന്ന് കടല്‍ പ്രക്ഷുബ്ധമാണ്. രാജ്യത്തിന്‍റെ വടക്കന്‍ ഭാഗങ്ങളില്‍ മത്സ്യബന്ധനത്തിന് പുറപ്പെടുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പ് നല്‍കി.

28 മുതല്‍ 33 ഡിഗ്രി സെല്‍ഷ്യസ് ആണ് തീരപ്രദേശങ്ങളിലെയും ദ്വീപുകളിലെയും താപനില. ഉള്‍ഭാഗങ്ങളില്‍ 30 മുതല്‍ 35 ഡിഗ്രി സെല്‍ഷ്യസും. ചൂട് കൂടുന്നതിന്‍റെ സ്വാഭാവിക മാറ്റമാണ് പൊടിക്കാറ്റെന്നാണ് വിലയിരുത്തല്‍.

Lets socialize : Share via Whatsapp