സന്തോഷത്തിന്‍റെ കാര്യത്തില്‍ ബഹ്‌റൈന് നാലാം സ്ഥാനം

by General | 27-03-2019 | 474 views

മനാമ: സന്തോഷത്തിന്‍റെ കാര്യത്തില്‍ ബഹ്റൈന്‍ ഏറെ മുന്നില്‍. വിവിധ രാജ്യങ്ങളിലെ ജനങ്ങളുടെ സന്തോഷത്തിന്‍റെ നില പരിഗണിച്ച് തയാറാക്കിയ 'വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് 2019' ആണ് ഇക്കാര്യം പറയുന്നത്. മിഡില്‍ ഈസ്റ്റും വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളും പരിഗണിക്കുമ്പോള്‍ ബഹ്റൈന് നാലാം സ്ഥാനമാണുള്ളത്.

യു.എന്നിന് വേണ്ടി 'സസ്റ്റയിനബിള്‍ ഡെവലപ്മെന്‍റ് സൊലൂഷന്‍സ് നെറ്റ് വര്‍ക്ക്' ആണ് റിപ്പോര്‍ട്ട് തയാറാക്കിയത്. മാര്‍ച്ച് 20-ന് അന്താരാഷ്ട്ര സന്തോഷ ദിനമായിരുന്നു. ഈ വേളയിലാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. സന്തോഷത്തിന്‍റെ കാര്യത്തില്‍ ബഹ്റൈന് ആഗോള തലത്തില്‍ 37ാം സ്ഥാനമാണുള്ളത്. കഴിഞ്ഞ വര്‍ഷം 43ാം സ്ഥാനമായിരുന്നു. ഏറെ ഉദാരതയുള്ളവരാണ് ബഹ്റൈനികള്‍ എന്ന് റിപ്പോര്‍ട്ട് പറയുന്നു.

അറബ് ലോകത്ത് യു.എ.ഇ-ക്കാണ് ഒന്നാം സ്ഥാനം. ആഗോളതലത്തില്‍ യു.എ.ഇ-ക്ക് 21-ാം സ്ഥാനമാണുള്ളത്. യു.എ.ഇ-ക്ക് പിന്നില്‍ ഖത്തറും സൗദിയുമാണുള്ളത്. ബഹ്റൈന് പിന്നില്‍ കുവൈത്ത് ഇടംപിടിച്ചു. മൊത്ത ആഭ്യന്തര ഉല്‍പാദനം, വരുമാനം, സാമൂഹിക പിന്തുണ, ആരോഗ്യത്തോടെയുള്ള ആയുസ്സ്, സാമൂഹിക സ്വാതന്ത്ര്യം, ഉദാരത, അഴിമതിയില്ലായ്മ തുടങ്ങിയ ഘടകങ്ങളാണ് റിപ്പോര്‍ട്ട് തയാറാക്കുമ്പോള്‍ പരിഗണിച്ചത്.

ലോകത്തുതന്നെ ഏറ്റവുമധികം സന്തോഷമുള്ള രാജ്യം ഫിന്‍ലാന്‍ഡ് ആണ്. തൊട്ടുപിന്നില്‍ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളായ ഡെന്‍മാര്‍ക്കും നോര്‍വേയുമുണ്ട്. യു.എസിന്‍റെ സ്ഥാനം 19-ാമതാണ്. ഏറ്റവും പിറകിലുള്ളത് അഫ്ഗാനിസ്ഥാന്‍, മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കും ദക്ഷിണ സുഡാനുമാണ്.

Lets socialize : Share via Whatsapp