വ്യാജ വിമാന ടിക്കറ്റ് വില്‍പ്പന : ട്രാവല്‍സ് ജീവനക്കാരന്‍ കുടുങ്ങി

by Travel | 17-07-2017 | 853 views

ഷാര്‍ജ : ടിക്കറ്റ്, ഹോട്ടല്‍ താമസം, ഭക്ഷണം തുടങ്ങിയവ വളരെ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാമെന്ന വാഗ്ദാനം നല്‍കി വ്യാജ വിമാന ടിക്കറ്റ് നല്‍കി വഞ്ചിച്ച ആളെ ഷാര്‍ജ പോലീസ് പിടി കൂടി. കുടുംബസമേതം വേനല്‍ കാലത്ത് ഉല്ലാസത്തിനായി സ്വദേശങ്ങളിലേയ്ക്കും വിവിധ നാടുകളിലേയ്ക്കും പോകുന്നവര്‍ക്കാണ് വ്യാജ ടിക്കറ്റ് നല്‍കി ഇയാള്‍ വഞ്ചിച്ചത്.

യാത്രക്കാര്‍ വിമാനത്താവളത്തിലെത്തി രേഖകള്‍ പരിശോധിക്കുമ്പോഴാണ് തങ്ങള്‍ ചതിയില്‍പ്പെട്ട കാര്യം ബോധ്യമാകുന്നത്. തിരികെ ട്രാവല്‍സിലെത്തി പണം ആവശ്യപ്പെടുന്ന ഇരകളോട് മാന്യതയില്ലാതെയാണ് ഇയാള്‍ പെരുമാറുന്നതെന്ന പരാതിയും പോലീസിനു ലഭിച്ചു. ഖോര്‍ഫക്കാനില്‍ നടന്ന സംഭവത്തില്‍ നാല് ലക്ഷം ദിര്‍ഹത്തിന്‍റെ തട്ടിപ്പാണ് ഇയാള്‍ നടത്തിയതെന്നും പോലീസ് പറഞ്ഞു.

അത് കൊണ്ട് വിദേശ യാത്രകള്‍ നടത്തുന്നവര്‍ അംഗീകൃത ട്രാവല്‍ ഏജന്‍സികളില്‍ നിന്നും മാത്രം ടിക്കറ്റുകള്‍ വാങ്ങണമെന്നും ഇത്തരം തട്ടിപ്പുകാരുടെ വലയില്‍ വീഴാതെ സൂക്ഷിക്കണമെന്നും ഷാര്‍ജ പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ബ്രിഗേഡിയര്‍ സെയിഫ് മുഹമ്മദ്‌ അല്‍ സഅരി അല്‍ ഷംസി പറഞ്ഞു.

 

Lets socialize : Share via Whatsapp